ഒരു വീടെന്നത് നാല് ചുമരുകള്‍ മാത്രമല്ല… സുരക്ഷയാണ്. അന്തസാണ്. സ്വന്തം മണ്ണില്‍ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമാണ്. മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ ഏഴു ദളിത് കുടുംബങ്ങള്‍ക്ക് ആ അവകാശം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് അഞ്ചു പതിറ്റാണ്ടിലേറെയായിരുന്നു.
ഓരോ തവണയും ഉദ്യോഗസ്ഥരും അഭിഭാഷക കമ്മീഷനും പോലീസും എത്തിയപ്പോള്‍ അവരുടെ മനസില്‍ ഉയര്‍ന്നത് ഒരു ചോദ്യമായിരുന്നു, ഇന്നാണോ ഞങ്ങള്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് പുറത്താക്കപ്പെടുന്നത്..?
ആ ചോദ്യത്തിന് പകരം ഒരു പുതിയ പ്രതീക്ഷയാണ് ഉയര്‍ന്നിരിക്കുന്നത്, ഇനി ഞങ്ങള്‍ക്ക് സ്വന്തം വീടുണ്ടാകും. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തില്‍ ഏഴു കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന പുതിയ വീടുകളുടെ ശിലാസ്ഥാപനം നടന്നതോടെ മലയിടംതുരുത്തിലെ നീണ്ട നിയമപോരാട്ടത്തിനും അനിശ്ചിതത്വത്തിനും ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്.
ഇനിയാരും ഈ ഏഴു ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനായി എത്തില്ല. ജനിച്ചു വളര്‍ന്ന അതേ മണ്ണില്‍ തന്നെ ആരുടെയും ഭീഷണിയില്ലാതെ തുടരാം. സ്പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് വീടുകള്‍ നിര്‍മിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഓരോ കുടുംബത്തിനും അഞ്ചു സെന്റ് വീതം ഭൂമിയും വീടുകളിലേക്കുള്ള വഴിക്കായി മൂന്നു സെന്റ് സ്ഥലവും അനുവദിക്കാനാണ് ധാരണയായത്. ആയിരം ചതുരശ്ര അടിയില്‍ കുറയാത്ത ആധുനിക സൗകര്യങ്ങളോടെയുള്ള വീടുകളാണ് നിര്‍മിക്കുക. വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതു വരെ പര്യത്തുകാവ് ഉന്നതിയിലെ വീട്ടുകാര്‍ക്ക് നിലവിലെ അവരുടെ വീടുകളില്‍ തന്നെ കഴിയാം. വി.ഡി. സതീശന് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ വലിയ വെല്ലുവിളികളില്‍ ഒന്നിനാണ് ഒടുവില്‍ പരിഹാരമായിരിക്കുന്നത്.
പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കം
58 വര്‍ഷം മുമ്പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് എന്നയാള്‍ തന്റെ ഭൂമി കൈയേറിയെന്നാരോപിച്ച് കണ്ണോത്ത് ശങ്കരന് നായര്‍ നല്കിയ കേസുമായി ബന്ധപ്പെട്ടായിരുന്നു കുടിയൊഴിപ്പിക്കല്‍ ഭീഷണി. മുന്‍സിഫ് കോടതി ശങ്കരന് നായര്‍ക്ക് അനുകൂലമായി വിധി പറഞ്ഞു.
കേസ് സുപ്രീം കോടതിയിലെത്തിയപ്പോഴും വിധി ശങ്കരന് നായര്‍ക്ക് അനുകൂലമായിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് പര്യത്തുകാവിലെ ഏഴു ദളിത് കുടുംബങ്ങളെ ഒഴിപ്പിച്ചു ഭൂമി തിരിച്ചുപിടിക്കാന്‍ കോടതി ഉത്തരവിട്ടത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2023 സെപ്റ്റംബര്‍ ഏഴിനാണ് അഭിഭാഷക കമ്മീഷന് ജയപാലിന്റെ നേതൃത്വത്തില്‍ ഭൂമി അളന്നു തിരിക്കാന്‍ പര്യത്തുകാവിലെത്തുന്നത്. എന്നാല്‍, ഉന്നതി നിവാസികളുടെ ശക്തമായ പ്രതിഷേധത്തിനു മുന്നില്‍ കമ്മീഷന് അന്ന് പിന്തിരിയേണ്ടി വന്നു. പിന്നീട് 14 തവണ കമ്മീഷന് സ്ഥലത്തെത്തിയെങ്കിലും കുടിയൊഴിപ്പിക്കല്‍ നടന്നില്ല.
മാര്‍ച്ച് നാലിന് ശക്തമായ നടപടിക്ക് കോടതി നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പോലീസ് പിന്‍വാങ്ങിയതോടെ നടപടികള്‍ മേയ് 20ലേക്ക് നീണ്ടു. മേയ് 20ന് കമ്മിഷന് വീണ്ടും സ്ഥലത്തെത്തിയതോടെ പര്യത്തുകാവ് സംഘര്‍ഷഭരിതമായി.
മേയ് 18ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി 48 മണിക്കൂറുകള്‍ കഴിയവെ ആയിരുന്നു മലയിടംതുരുത്തില്‍ അഭിഭാഷക കമ്മീഷന് എത്തി കുടിയൊഴിപ്പിക്കല്‍ നടപടി പുനരാംരഭിച്ചത്. പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെ ഉണ്ടായ പോലീസ് നടപടി രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരി കൊളുത്തി.
സ്ഥലത്ത് ആദ്യം എത്തിയ കുന്നത്തുനാട് മുന്‍ എംഎല്‍എ പി.വി. ശ്രീനിജനോട് പോലീസ് തങ്ങളെ ഉപദ്രവിച്ചുവെന്ന് ജനങ്ങള്‍ പരാതി പറയുകയും ചെയ്തു. ഇതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് കുടിയൊഴിപ്പിക്കല്‍ താത്കാലികമായി തടയുകയായിരുന്നു.
ക്രമസമാധാന നില തകരുമെന്ന ഘട്ടത്തിലാണ് കോടതിക്ക് പുറത്ത് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ ആരംഭിച്ചു. എന്നാല്‍, കുടിയൊഴിപ്പിക്കല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടതോടെ സംഗതി വീണ്ടും വഷളായി.
സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്‍സിഫ് കോടതി നിലപാട് കടുപ്പിച്ചത്. മുന്‍സിഫ് കോടതിക്കായിരുന്നു വിധി നടത്തിപ്പ് ചുമതല. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടതോടെ കാര്യങ്ങള്‍ ഒന്നുകൂടി പ്രതിസന്ധിയിലായി. ഇതോടെ കോടതി വിധി നടപ്പാക്കുന്നതിനൊപ്പം പാവപ്പെട്ട ദളിത് കുടുംബങ്ങളെ തെരുവിലാക്കില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അതിനായി ഹൈക്കോടതിയില്‍ നിന്ന് കുടിയൊഴിപ്പിക്കലിനായി സമയം നീട്ടി വാങ്ങുകയും ചെയ്തു.
ഒടുവില്‍ സമവായം
പതിറ്റാണ്ടുകളായി തുടരുന്ന ഭൂമി തര്‍ക്കം മന്ത്രി റോജി എം. ജോണിന്റെയും എംഎല്‍എ വി.പി. സജീന്ദ്രന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ ഭൂവുടമയുമായും താമസക്കാരുമായും നടത്തിയ ചര്‍ച്ചകളിലൂടെ പരിഹരിച്ചു. ഭൂവുടമകളും ദളിത് കുടുംബങ്ങളുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭൂവുടമകളെ കൊണ്ട് അഞ്ചു സെന്റ് ഭൂമി വീതം വിട്ടുനല്‍കാന്‍ സമ്മതിപ്പിച്ചത്. കോടതിക്ക് പുറത്തെ ഈ ചരിത്ര സമവായത്തിലൂടെ വലിയൊരു രാഷ്ട്രീയ ദുരന്തം ഉണ്ടാകുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പരിഹാരം കണ്ടു.
ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ കരാറിലാണ് ഒപ്പുവച്ചതെന്നും ഒരുവര്‍ഷത്തിനകം കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി റോജി എം. ജോണ്‍ വ്യക്തമാക്കി. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളുടെയും പൂര്‍ണ മേല്‍നോട്ട ചുമതല മൂവാറ്റുപുഴ ആര്‍ഡിഒ, ഡിവൈഎസ്പി എന്നിവര്‍ക്കാണ്. കൂടാതെ, കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ സിവില്‍, ക്രിമിനല്‍ കേസുകളും പൂര്‍ണമായി പിന്‍വലിക്കാനും തീരുമാനമായിരുന്നു. ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടം കൂടിയാണ് അവസാനിച്ചത്. പ്രതീക്ഷകളോടെ ഉയരുന്ന ഈ ഏഴു വീടുകള്‍ കോണ്‍ക്രീറ്റും ഇഷ്ടികയും കൊണ്ട് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ മാത്രമല്ല. കോടതി വിധിയുടെ പേരില്‍ ജീവിതം തകര്‍ന്നു പോകുമെന്ന ഭയത്തില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഇത് സുരക്ഷയുടെ പ്രതീകമാണ്.
