പരവൂർ: യഥാർഥ ഉടമകളല്ല ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദാക്കി.
കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഔദ്യോഗിക സഞ്ചാർ സാഥി പോർട്ടൽ വഴി ലഭിച്ച വൻ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
മറ്റുള്ളവരുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിർമിച്ച സിം കാർഡുകൾ വഴി വൻ സാമ്പത്തിക തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസികളുടെ ഈ കർശന ഇടപെടൽ.സഞ്ചാർ സാഥി സംവിധാനം രാജ്യത്ത് പ്രവർത്തനക്ഷമമായത് മുതൽ സംസ്ഥാനത്ത് നിന്ന് 9.11 ലക്ഷം പരാതികളാണ് ടെലികോം മന്ത്രാലയത്തിന് ലഭിച്ചത്.
ഇതിൽ 4.51 ലക്ഷം പരാതികളും യഥാർഥ ഉടമ അറിയാതെ അവരുടെ പേരിൽ മറ്റ് വ്യക്തികൾ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു. കൂടാതെ തങ്ങൾ ഇനി ഈ മൊബൈൽ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് കാണിച്ച് ഉടമകൾ തന്നെ നൽകിയ 2.26 ലക്ഷം പരാതികളിൻമേലും കൃത്യമായ അന്വേഷണം നടത്തുകയും ആ നമ്പറുകൾ പൂർണമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകൾ നടത്തുമ്പോൾ പോലീസ് അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാൻ വേണ്ടിയാണ് തട്ടിപ്പുകാർ ഇത്തരം വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്നത്. സാധാരണക്കാർ മുൻപ് ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും എന്നാൽ ഔദ്യോഗികമായി റദ്ദാക്കാതിരിക്കുകയും ചെയ്യുന്ന നമ്പറുകൾ സംഘം തട്ടിപ്പുകൾക്കായി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ ചട്ടപ്രകാരം ഒരു നമ്പർ തുടർച്ചയായി 90 ദിവസം ഉപയോഗിക്കാതിരുന്നാൽ അത് താനേ നിഷ്ക്രിയമാകുകയും കമ്പനികൾ പ്രസ്തുത നമ്പർ മറ്റൊരാൾക്ക് പുതിയ കണക്ഷനായി നൽകുകയും ചെയ്യും. ഈ രീതിയും പലപ്പോഴും ആദ്യ ഉടമകൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
മറ്റൊരാളുടെ വ്യക്തിഗത രേഖകൾ കൈക്കലാക്കി എടുക്കുന്ന സിം കാർഡുകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ, സ്വാഭാവികമായും കേസുകളിൽ ആദ്യ അന്വേഷണവും നിയമ നടപടിയും നിരപരാധികളായ യഥാർഥ ഉടമകൾക്ക് എതിരെയാകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സ്വന്തം പേരിൽ ഏതൊക്കെ മൊബൈൽ നമ്പറുകൾ സജീവമായിട്ടുണ്ടെന്ന് സഞ്ചാർ സാഥി പോർട്ടൽ വഴി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, തങ്ങളുടേതല്ലാത്ത നമ്പറുകൾ കണ്ടെത്തിയാൽ ഉടനടി റദ്ദാക്കാനുള്ള അപേക്ഷകൾ നൽകണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
