കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ നിയമപരമായ വീഴ്ചകളില്‍ പോലീസിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റീസ് എ. ബദറുദീന്‍ വിമര്‍ശിച്ചു.
കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി ഡോ. റാമിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിലാണ് പോലീസിനെതിരേ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കണം.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും.
ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമാണ് ഡോ. റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിയുടെ ഭക്ഷണവും പണവും പോലീസ് ഉദ്യോഗസ്ഥര്‍ വാങ്ങി. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എന്നും കോടതി വിമര്‍ശിച്ചു.
കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. 15,000 രൂപ ലോണെടുത്തയാള്‍ ജീവനൊടുക്കിയെന്നാണ് പറയുന്നത്. 15 കോടി വായ്പ എടുത്തവര്‍ ആത്മഹത്യ ചെയ്യുന്നില്ല. പോലീസിന്റെ കഥയില്‍ നിന്നു തന്നെ മനസിലായി അവര്‍ ആരുടെ കൂടെയാണെന്ന്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പോലീസ് എന്ന് കോടതി ചോദിച്ചു.
ഡോ. എം.കെ റാമിനെ ഹാജരാക്കിയപ്പോള്‍ എന്തൊക്കെ രേഖകള്‍ പോലീസ് നല്‍കിയെന്നും കോടതി ചോദിച്ചു. രേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നടപടിക്രമങ്ങള്‍ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും.
