തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡിലും ഒരുപോലെ ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുക്കാൻ സാധിച്ച നടിയാണ് കാജൽ അഗർവാൾ. ബോളിവുഡ് പ്രോജക്റ്റുകളിൽ കാജൽ വളരെ കുറച്ചേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.
ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ച കാജൽ അഗർവാൾ, ഹിന്ദി സിനിമയിൽ വിജയകരമായ ഒരു കരിയറിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചിരുന്നു. രൺദീപ് ഹൂഡയ്ക്കൊപ്പം അഭിനയിച്ച 2016-ലെ ‘ദോ ലഫ്സോൺ കി കഹാനി’ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും, തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അവർ അധികം വൈകാതെ ബോളിവുഡിൽ നിന്ന് വിട്ടുനിന്നു. ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവേ, ഹിന്ദി പ്രോജക്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താൻ കാരണമെന്തെന്ന് കാജൽ വ്യക്തമാക്കി.
എനിക്ക് സൗത്തിൽ നിന്ന് ലഭിച്ചിരുന്ന കഥാപാത്രങ്ങളുടെ ഗുണനിലവാരം ബോളിവുഡിൽ നിന്ന് ലഭിച്ചിരുന്നില്ല. എന്റെ മുൻഗണന എണ്ണത്തേക്കാൾ ഗുണനിലവാരത്തിനായിരുന്നു. സൗത്ത് എനിക്ക് അത്തരം വേഷങ്ങൾ ധാരാളമായി നൽകുന്നുണ്ടായിരുന്നു, അങ്ങനെയെങ്കിൽ ഞാൻ എന്തിനാണ് ബോളിവുഡിൽ സാധാരണ വേഷങ്ങൾ ചെയ്യുന്നത്? ഭാഷ എനിക്ക് ഒരിക്കലും ഒരു തടസമായിരുന്നില്ല.
സിനിമ നിർമാണത്തിന്റെ കല ഞാൻ ആസ്വദിക്കുന്നു. എന്റെ തൊഴിലിനെ പ്രണയിക്കാൻ എനിക്ക് ഏഴ് സിനിമകൾ വേണ്ടിവന്നു. പ്രണയിച്ചു തുടങ്ങിയപ്പോൾ ഞാൻ അതിനോട് വളരെ പൂർണമായി പ്രതിജ്ഞാബദ്ധയായിരുന്നു-കാജൽ പറഞ്ഞു.
ബോളിവുഡിലെ സമയനിഷ്ഠയില്ലായ്മയെക്കുറിച്ചും കാജൽ സംസാരിച്ചു. “ബോളിവുഡ് തെന്നിന്ത്യൻ സിനിമയിൽ നിന്ന് സമയനിഷ്ഠ കണ്ടു പഠിക്കണം. ഹിന്ദി സിനിമകളിൽ ഒന്നും കൃത്യസമയത്തല്ല നടക്കുന്നത്. സൗത്തിൽ അവർ കൃത്യ സമയത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സമയത്തിന് സെറ്റിലെത്തി എനിക്ക് ശീലമുണ്ട്, അതു തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നതും. എന്നാൽ ഹിന്ദിയിൽ സമയക്രമം വളരെ മോശമാണ്- കാജൽ പറയുന്നു.
ഏതു താരമാണ് ഏറ്റവും കൂടുതൽ സമയം കാത്തിരുത്തിയിട്ടുള്ളത് എന്ന് ചോദിച്ചപ്പോൾ, സൽമാൻ ഖാൻ ആണ് എന്നെ ഏറ്റവും കൂടുതൽ കാത്തിരുത്തിയിട്ടുള്ളത്, എനിക്കത് ശീലമില്ലായിരുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അദ്ഭുതപ്പെട്ടു.
അദ്ദേഹം ഉച്ചയ്ക്കോ വൈകുന്നേരമോ ഒക്കെയാണ് വന്നിരുന്നത്, അതിനാൽ സെറ്റിലുണ്ടായിരുന്ന ജിമ്മിൽ ഞാൻ വ്യായാമം ചെയ്യാൻ പോകുമായിരുന്നു. തെന്നിന്ത്യൻ സിനിമയുടെ സമയനിഷ്ഠയും അച്ചടക്കവുമാണ് എനിക്ക് ശീലം എന്നായിരുന്നു കാജലിന്റെ മറുപടി.
ബോളിവുഡിൽ നിന്ന് സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ സ്വതന്ത്രമായ വേഷങ്ങളും, പുരോഗമനപരമായ കഥാപാത്രങ്ങളും എഴുതാൻ സൗത്ത് ഇപ്പോൾ പഠിക്കുകയാണ്. അവർക്കിപ്പോൾ സ്ത്രീകളുടെ പൊക്കിളിനോട് അമിത താത്പര്യമില്ല. ഞാൻ എപ്പോഴും അതിൽ ഒരു പരിധി നിശ്ചയിച്ചിരുന്നു, ഇത്തരം വേഷങ്ങൾ ചെയ്തിട്ടുമില്ല- കാജൽ കൂട്ടിച്ചേർത്തു.
