പരവൂർ: റെയിൽവേ യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യുന്ന സമയത്തുതന്നെ അധിക ലഗേജുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ജൂലൈ 31 മുതൽ നിലവിൽ വരുന്നു. നിശ്ചിത സൗജന്യ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നവർക്ക് പാഴ്സൽ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ടിക്കറ്റിനൊപ്പം ലഗേജ് വാൻ ബുക്കിംഗ് പൂർത്തിയാക്കാൻ ഈ പുതിയ സംവിധാനം ഉപകരിക്കും.
റിസർവ് ചെയ്ത കമ്പാർട്ടുമെന്റുകളിൽ അനുവദനീയമായ പരിധിക്കുള്ളിൽ യാത്രക്കാർക്ക് വ്യക്തിഗത ലഗേജുകൾ ബുക്ക് ചെയ്യാമെന്ന റെയിൽവേ ബോർഡിന്റെ തീരുമാനത്തെ തുടർന്നാണ് മാറ്റം.
അതേസമയം എസി ത്രീ-ടയർ, എസി ചെയർ കാർ, സെക്കൻഡ് ക്ലാസ് കമ്പാർട്ടുമെന്റുകൾ എന്നിവയ്ക്കുള്ള സൗജന്യ ലഗേജ് അലവൻസിലും പരമാവധി പരിധിയിലും മാറ്റമുണ്ടാകില്ല. സൗജന്യ പരിധിയും പരമാവധി അനുവദനീയമായ പരിധിയും ഒന്നുതന്നെയായ എസി ത്രീ-ടയർ, എസി ചെയർ കാർ ക്ലാസുകളിൽ അധിക ലഗേജ് ബുക്കിംഗ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
നിലവിലെ വ്യവസ്ഥയനുസരിച്ച് എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ വരെയും, ഫസ്റ്റ് ക്ലാസ്, എസി ടു-ടയർ എന്നിവയിൽ 50 കിലോ വരെയും, സ്ലീപ്പർ ക്ലാസിൽ 40 കിലോ വരെയും, സെക്കൻഡ് ക്ലാസിൽ 35 കിലോ വരെയും സൗജന്യമായി ലഗേജ് കൊണ്ടുപോകാം. അധിക ലഗേജിന് 1.5 ഇരട്ടി തുക നൽകി പരമാവധി നിയന്ത്രണങ്ങൾക്ക് വിധേയമായി ബുക്കിംഗ് നടത്താം. എസി ഫസ്റ്റ് ക്ലാസിൽ പരമാവധി 150 കിലോയും, ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ എസി ടു-ടയറിൽ 100 കിലോയും, സ്ലീപ്പറിൽ 80 കിലോയും, സെക്കൻഡ് ക്ലാസിൽ 70 കിലോയുമാണ് കൊണ്ടുപോകാൻ സാധിക്കുക.
യാത്രാവേളയിലോ ലക്ഷ്യസ്ഥാനത്തോ എത്തുമ്പോൾ ബുക്ക് ചെയ്യാത്തതോ ഭാഗികമായി ബുക്ക് ചെയ്തതോ ആയ അധിക ലഗേജുകൾ കണ്ടെത്തിയാൽ യാത്രക്കാരിൽ നിന്ന് റെയിൽവേ പിഴ ഈടാക്കും. ഇതോടൊപ്പം ബാഗേജുകളുടെ വലുപ്പത്തിലും റെയിൽവേ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത അളവിൽ കൂടുതൽ വലുപ്പമുള്ള ബാഗേജുകൾ കമ്പാർട്ടുമെന്റുകളിൽ അനുവദിക്കില്ലെന്നും അവ പാഴ്സൽ വാനിലേക്ക് മാറ്റേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
