റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനു നേരെ ഡ്രോൺ ആക്രമണം. ഇറാഖ് അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചെന്നും പൈപ്പ് ലൈന്റെ പ്രവർത്തനം നിർത്തിവെച്ചെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പൈപ്പ്ലൈനിലൂടെയുള്ള എണ്ണ വിതരണം സൗദി പൂർണമായും നിർത്തിവെച്ചു.
കരമാർഗം എണ്ണ എത്തിക്കാനുള്ള വലിയ സംവിധാനമാണ് ഡ്രോൺ ആക്രമണത്തിൽ തകർന്നത്. ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കാൻ സൗദി ഉപയോഗിക്കുന്ന പ്രധാന ബദൽ മാർഗമാണ് ഈ പൈപ്പ്ലൈൻ. പൈപ്പ് ലൈൻ അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ സാധ്യത കൂടി.
നിലവിൽ സൗദിയുടെ അടിയന്തര രക്ഷാസേനയും സാങ്കേതിക വിദഗ്ധരും ചേർന്ന് പൈപ്പ്ലൈനിന്റെ സുരക്ഷ ഉറപ്പാക്കാനും കേടുപാടുകൾ പരിഹരിക്കാനുമുള്ള ജോലികൾ ചെയ്തുവരികയാണ്.അതേസമയം ഇറാഖ് ഭരണകൂടത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സമയം നൽകുകയാണ്. അതുകൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ തീരുമാനം.
എന്നാൽ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യ നിലനിർത്തുമെന്ന് വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.
