ചാത്തന്നൂർ: റോഡിലൂടെ യാത്രചെയ്യുമ്പോൾ വണ്ടികളിൽ നിന്നും മലിന ജലം റോഡിൽ വീണാൽ കർശന ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. മീൻ വണ്ടികൾ, മാലിന്യം കൊണ്ടുപോകുന്ന മറ്റ് വണ്ടികൾ എന്നിവയ്ക്കെതിരെയാണ് നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ പിഴയും ചുമത്തും. വണ്ടികളിൽ നിന്ന് മലിനജലം ശരീരത്തിലേക്ക് തെറിച്ചുവീഴുന്ന ദുരിതത്തിന് ഇതോടെ വിരാമമിടാൻ കഴിയും.
മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് ദുർഗന്ധം വമിക്കുന്ന മീൻവെള്ളം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
റോഡ് സുരക്ഷയുടെ ഭാഗമായിട്ടു കൂടിയാണ് ഈ നടപടി. മലിന ജലം റോഡിൽ വീണ് ദീർഘനേരം അസഹ്യമായ ദുർഗന്ധം വമിക്കുന്നത് പതിവാണ്. കൂടാതെ ഇത് റോഡിലൂടെ പോകുന്ന ഇരു ചക്രവാഹനക്കാരുടെയും കാൽനടയാത്രക്കാരുടെയും ദേഹത്ത് വീഴാറുമുണ്ട്.
മലിന ജലത്തിൽ കയറി ഇരു ചക്രവാഹനങ്ങൾ സ്കിഡ് ചെയ്ത് അപകടങ്ങളുമുണ്ടാകാറുണ്ട്. മീൻ വണ്ടികൾ റോഡിലേയ്ക്ക് മലിന ജലം ഒഴുക്കുന്നത് പോലെയാണ് വിവിധ മാലിന്യങ്ങൾ കയറ്റി പോകുന്ന വാഹനങ്ങളും. ഇത്തരം വാഹനങ്ങളിൽ നിന്നും മലിന ജലം റോഡിലേയ്ക്ക് വീഴാറുണ്ട്. മലിന ജലം ഒഴുക്കി പോകുന്ന വാഹനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം.
