ജോലിയിൽ ‘മോശം പ്രകടനം’ കാഴ്ചവെച്ചെന്ന് ആരോപിച്ച് യുവതിയെ പിരിച്ചുവിട്ട കമ്പനിക്ക് കോടതിയുടെ കനത്ത തിരിച്ചടി. ആരോപണം തെളിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതോടെ, എംപ്ലോയ്മെന്റ് ക്ലെയിംസ് ട്രിബ്യൂണൽ യുവതിക്ക് പരമാവധി നഷ്ടപരിഹാരമായ 30,000 സിംഗപ്പൂർ ഡോളർ (ഏകദേശം 19 ലക്ഷം ഇന്ത്യൻ രൂപ) നൽകാൻ ഉത്തരവിട്ടു. 2025 ഏപ്രിലിൽ ഓഡിറ്റ് മാനേജരായി ജോലിയിൽ പ്രവേശിച്ച യുവതിയെ ആറുമാസത്തെ പ്രൊബേഷൻ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് കമ്പനി അപ്രതീക്ഷിതമായി പുറത്താക്കിയത്.
തന്റെ ജോലിയിലെ കുറവുകളെക്കുറിച്ച് മുൻകൂട്ടി യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി ട്രിബ്യൂണലിനെ സമീപിച്ചത്. പ്രൊബേഷൻ പാസാകാൻ കമ്പനി നിശ്ചയിച്ചിരുന്ന പ്രകടന നിലവാരത്തെക്കുറിച്ച് ജോലിയിൽ പ്രവേശിച്ചപ്പോൾ തനിക്ക് കൃത്യമായ വിശദീകരണം നൽകിയിരുന്നില്ലെന്ന് അവർ വാദിച്ചു. കൂടാതെ, കമ്പനിയുടെ ആഭ്യന്തര ഓഡിറ്റിംഗിലെ അപാകതകൾ ചൂണ്ടിക്കാണിച്ചതിനും കൊറിയൻ ഭാഷ സംസാരിക്കാൻ അറിയാത്തതിനുമാണ് തന്നെ ലക്ഷ്യമിട്ടതെന്നും യുവതി ആരോപിച്ചിരുന്നു.
എന്നാൽ, ജീവനക്കാരിയുടെ പ്രകടനം തൃപ്തികരമല്ലെന്ന കമ്പനിയുടെ വാദം ട്രിബ്യൂണൽ മജിസ്ട്രേറ്റ് ജോയൽ താൻ തള്ളി. കമ്പനിയുടെ സ്വന്തം നയങ്ങൾ അനുസരിച്ചുള്ള പ്രകടന വിലയിരുത്തലുകൾ കൃത്യമായി നടത്തിയിട്ടില്ലെന്നും, നിശ്ചയിച്ച മാനദണ്ഡങ്ങൾ ജീവനക്കാരിയെ മുൻകൂട്ടി അറിയിക്കുന്നതിൽ സൂപ്പർവൈസർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വ്യക്തമായ നിർദ്ദേശങ്ങൾ നൽകാതെ ജീവനക്കാരി മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ആരോപിക്കുന്നത് അനീതിയാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
ഭാഷാപരമായ വിവേചനവും പ്രതികാര നടപടിയും എന്ന യുവതിയുടെ ആരോപണങ്ങൾ തള്ളിയെങ്കിലും, അന്യായമായി പിരിച്ചുവിട്ടതിന് പരമാവധി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. പ്രതിമാസം 11,500 സിംഗപ്പൂർ ഡോളർ ശമ്പളമുണ്ടായിരുന്ന യുവതിക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് അർഹതയുണ്ടായിരുന്നെങ്കിലും ട്രിബ്യൂണലിന്റെ പരിധി അനുസരിച്ചുള്ള പരമാവധി തുകയാണ് അനുവദിച്ചത്. മുൻകൂട്ടി അറിയിക്കാത്ത മാനദണ്ഡങ്ങൾ വെച്ച് ജീവനക്കാരെ പുറത്താക്കാൻ കമ്പനികൾക്ക് അവകാശമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി.
