അസമിൽ കനത്ത മഴയെ തുടർന്നുളള പ്രളയത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. പ്രളയത്തിന്റെ ദുരിതവും മനുഷ്യന്റെ അതിജീവന പോരാട്ടവും ഒരേസമയം വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വീഡിയോയിൽ, കഴുത്തോളം വെള്ളത്തിലൂടെ മൂന്ന് ചെറിയ മക്കളെ ഒരു റബർ ട്യൂബിൽ ഇരുത്തി സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഒരു പിതാവിനെയാണ് കാണുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനിടയിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം അതീവ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുകയാണ്.
ഭയന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ടാണ് പിതാവിന്റെ യാത്ര. സ്വന്തം ജീവൻ പോലും അപകടത്തിലാണെങ്കിലും മക്കളെ സുരക്ഷിതരാക്കാനായി അദ്ദേഹം മുന്നോട്ട് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.ഈ വീഡിയോ ‘ഇന്ത്യൻ യൂത്ത് കോൺഗ്രസ്’ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്. 2.15 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.
നിരവധി പേർ ആ പിതാവിന്റെ ധൈര്യത്തെയും ആത്മത്യാഗത്തെയും അഭിനന്ദിച്ചപ്പോൾ, ചിലർ ഇത്തരം സാഹചര്യങ്ങളിൽ മതിയായ രക്ഷാപ്രവർത്തന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ പരാജയപ്പെട്ടുവെന്ന വിമർശനങ്ങളുമാണ് വീഡിയോയ്ക്ക് നേരെ ഉയർത്തുന്നത്. രക്ഷാബോട്ടുകളുടെ അപര്യാപ്തതയും അടിയന്തര പ്രതികരണ സംവിധാനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായത്.
