വണ്ടി ഓടിക്കുന്നവർ മാത്രമല്ല കാൽനട യാത്രികരും ശ്രദ്ധാലുക്കളാകണം.റോഡിലൂടെ നമ്മൾ സഞ്ചരിക്കുമ്പോൾ അതീവ ശ്രദ്ധവേണമെന്ന് പറയുന്നത് പലപ്പോഴും പതിവ് ഉപദേശമായി തള്ളിക്കളയുകയാണ് പതിവ്. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടൽ റിഷികേശുകാർക്ക് ഇപ്പോഴും മാറിയിട്ടില്ല. റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ പാഞ്ഞെത്തിയത് ഒരു കാള.
റോഡരികിൽ രണ്ട് കാളകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊമ്പുകോർത്തുള്ള പോരാട്ടത്തിനിടെ ഒരാൾ കാളകളെ ഓടിക്കാൻ ശ്രമിച്ചതോടെ, ഒരു കാള പെട്ടെന്ന് റോഡിലേക്ക് കുതിച്ചെത്തി. അപ്പോഴായിരുന്നു സ്കൂട്ടറിൽ യുവതി അതുവഴി കടന്നുപോയത്.
പാഞ്ഞെത്തിയ കാള നേരെ സ്കൂട്ടറിൽ ഇടിച്ചതോടെ യുവതിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. സ്കൂട്ടർ റോഡിന്റെ മറുവശത്തേക്ക് പാഞ്ഞുകയറി ഒടുവിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
റോഡിൽ അപകടം വരുന്നത് വേഗത കൊണ്ടുമാത്രമല്ല ഇത്തരത്തിൽ പ്രതീക്ഷിക്കാത്ത ഒരു നിമിഷം മതി, ജീവിതം തന്നെ മാറിമറിയാൻ എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അതുകൊണ്ട് ഇരുചക്രവാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കുന്നത് ഒരിക്കലും മറക്കരുത്.
