തിരുവനന്തപുരം : ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന ഡോക്ടർക്കുനേരേയുള്ള അതിക്രമശ്രമത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ഘടകത്തിന്റെ ശക്തമായ പ്രതിഷേധം.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഔദ്യോഗിക ചുമതല നിർവഹിച്ചുകൊണ്ടിരുന്ന ഡോക്ടർക്കു നേരേ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന അതിക്രമശ്രമവും ഭീഷണിപ്പെടുത്തലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ചിറയിൻകീഴ് ഘടകം ശക്തമായി അപലപിച്ചു.
മെഡിക്കോ-ലീഗൽ കേസിൽ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കുന്നതിനിടെയാണ് ഡോക്ടർ ആക്രമണത്തിനും ഭീഷണിക്കും ഇരയായത്. നിയമപരവും ഔദ്യോഗികവുമായ ചുമതല നിർവഹിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തത് ഒരു ഉത്തരവാദിത്തമുള്ള ജനപ്രതിനിധിക്ക് ഒരിക്കലും ചേർന്നതല്ല.
ആരോഗ്യപ്രവർത്തകർക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങൾ ആരോഗ്യരംഗത്തോടും നിയമവാഴ്ചയോടും പൊതുജനാരോഗ്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള പ്രസക്തമായ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണം.
ആരോഗ്യപ്രവർത്തകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുകയും, ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം.ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ആരോഗ്യരംഗത്തെ സംരക്ഷിക്കുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ഘടകം ശക്തമായി ആവശ്യപ്പെട്ടു.
