ബംഗളൂരുവിലെ ഡിപ്പോസിറ്റ് സമ്പ്രദായത്തെ “ഏറ്റവും വലിയ വാടക തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച് മുംബൈ സ്വദേശിയായ സ്നേഹ തംഹങ്കർ എക്സിൽ പങ്കുവെച്ച പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. വാടകക്കാരുടെ പണം തട്ടിയെടുക്കാനാണ് ബ്രോക്കർമാരും ഉടമകളും വലിയ തുക അഡ്വാൻസ് ആവശ്യപ്പെടുന്നതെന്ന് താൻ കരുതിയെന്നും, എന്നാൽ യഥാർഥ നിയമപരമായ തുക രണ്ട് മാസത്തെ വാടക മാത്രമാണെന്ന് വൈകിയാണ് മനസ്സിലാക്കിയതെന്നും ഇവർ കുറിച്ചു.
മുംബൈ സ്വദേശിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. തങ്ങളുടെ സഹോദരന് ബംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കാൻ ആറ് മാസത്തെ വാടക തുക ഡിപ്പോസിറ്റായി നൽകേണ്ടി വന്നതായി ഒരു ഉപയോക്താവ് പങ്കുവെച്ചു. നിയമപരമായി തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം കെട്ടിട ഉടമകളും ചർച്ചകളിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ള വലിയ തുകയാണ് വാടകക്കാരിൽ നിന്ന് അഡ്വാൻസായി ഈടാക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടി.
എന്നാൽ, നിയമപരമായ പരിധിയേക്കാൾ വിപണിയിലെ ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് ഡിപ്പോസിറ്റ് തുക തീരുമാനിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി ചില കെട്ടിട ഉടമകൾ രംഗത്തെത്തി. വാടകക്കാർ വീടിന് വരുത്തുന്ന കേടുപാടുകളിൽ നിന്നും വാടക കുടിശ്ശിക വരുത്തുന്നതിൽ നിന്നും തങ്ങൾക്ക് സംരക്ഷണം ലഭിക്കണമെങ്കിൽ നാല് മാസത്തെ ഡിപ്പോസിറ്റ് എങ്കിലും വേണമെന്ന് അവർ വാദിച്ചു. ഡിപ്പോസിറ്റ് തുക കുറയ്ക്കുന്നത് ഉടമകൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ഇരു കൂട്ടർക്കും അനുയോജ്യമായ രീതിയിൽ അഡ്വാൻസ് തുക പരസ്പര ധാരണയോടെ തീരുമാനിക്കണമെന്നും ഉടമകൾ വ്യക്തമാക്കുന്നു.
പോസ്റ്റ് വൻതോതിൽ പ്രചരിച്ചതോടെ വാടക വീടുകൾക്ക് വൻതുക അഡ്വാൻസ് ഈടാക്കുന്ന ബെംഗളൂരുവിലെ രീതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ സംവാദമാണ് നടക്കുന്നത്. ഐടി നഗരത്തിലെ വാടകക്കാരുടെ അവകാശങ്ങളും ഉടമകളുടെ സുരക്ഷയും ഉറപ്പാക്കാൻ കൃത്യമായ നിയമ നിർമാണം വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

