പരവൂർ: അടിയന്തര ആരോഗ്യ സംരക്ഷണ രംഗത്ത് വിപ്ലവകരമായ നാഴികക്കല്ല് കുറിച്ച് ഇന്ത്യൻ റെയിൽവേ. ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വഴി ജീവനുള്ള ഹൃദയം വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചാണ് റെയിൽവേ ചരിത്രം കുറിച്ചത്. സൂറത്തിൽ നിന്ന് അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലേക്കാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവയവം സുരക്ഷിതമായി എത്തിച്ചത്.
മുംബൈ സെൻട്രൽ-ഗാന്ധിനഗർ ക്യാപിറ്റൽ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20901) വഴിയായിരുന്നു ഈ ദൗത്യം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗുജറാത്ത് സംസ്ഥാന പോലീസ്, മെഡിക്കൽ സംഘങ്ങൾ എന്നിവരുടെ കൃത്യമായ ഏകോപനമാണ് ദൗത്യം വിജയകരമാക്കാൻ സഹായിച്ചതെന്ന് അഹമ്മദാബാദ് ഡിവിഷണൽ റെയിൽവേ മാനേജർ വേദ് പ്രകാശ് വ്യക്തമാക്കി. ഓരോ നിമിഷവും നിർണായകമായ ഇത്തരമൊരു ജീവൻരക്ഷാ ദൗത്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് റെയിൽവേയ്ക്ക് വലിയ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ എത്തിച്ചേർന്നയുടൻ അവിടെനിന്ന് ആശുപത്രിയിലേക്ക് അവയവം തടസമില്ലാതെ എത്തിക്കുന്നതിനായി ആർപിഎഫും ഗുജറാത്ത് പോലീസും ചേർന്ന് പ്രത്യേക “ഗ്രീൻ ഇടനാഴി’ ഒരുക്കിയിരുന്നു. ഇത് കാരണം യാതൊരുവിധ ഗതാഗത തടസങ്ങളുമില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഹൃദയം ശസ്ത്രക്രിയാ കേന്ദ്രത്തിൽ എത്തിക്കാൻ സാധിച്ചു.
വന്ദേ ഭാരത് ട്രെയിനുകളുടെ ഉയർന്ന വേഗതയും കൃത്യനിഷ്ഠയും വിശ്വാസ്യതയുമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് പ്രധാന ഘടകമായത്. കേവലം യാത്രക്കാരെയും ചരക്കുകളെയും എത്തിക്കുന്നതിൽ മാത്രമല്ല, അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്ന സേവനങ്ങളിലും റെയിൽവേ മുന്നിലാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എസ് ആർ. സുധീർ കുമാർ
