താൻ പറത്തിയ വിമാനത്തിൽ ആദ്യമായി അമ്മയെ യാത്രക്കാരിയായി ലഭിച്ചതിന്റെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് പൈലറ്റായ തനിഷ് അറോറ. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനങ്ങളിലൊന്നാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ട് തനിഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയുടെ മനംകവരുകയാണ്.
യാത്രയ്ക്ക് മുന്നോടിയായി വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് മകന്റെ വിമാനത്തിൽ ആദ്യമായി യാത്ര ചെയ്യുന്നതിന്റെ സന്തോഷവും ആവേശവും അമ്മ പങ്കുവെച്ചിരുന്നു. ബോർഡിംഗിന് ശേഷം കോക്ക്പിറ്റിലിരുന്ന മകനോട് സുരക്ഷിതമായും സുഖകരമായും വിമാനം പറത്തണമെന്ന് ചിരിച്ചുകൊണ്ട് അമ്മ ഉപദേശിക്കുകയും ചെയ്തു.
ഒരുകാലത്ത് തന്റെ കൈപിടിച്ച് നടക്കാൻ പഠിപ്പിച്ചത് അമ്മയാണെന്നും, ഇന്ന് ആ അമ്മയെ ആകാശത്തിലൂടെ പറത്താൻ തനിക്ക് കഴിഞ്ഞുവെന്നും പൈലറ്റ് വൈകാരികമായി കുറിച്ചു. യാത്രയ്ക്ക് ശേഷം മകന്റെ വിമാനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അമ്മ പ്രതികരിച്ചു.
തന്റെ കരിയറിൽ ആയിരക്കണക്കിന് യാത്രക്കാരെ താൻ കൊണ്ടുപോകുമെങ്കിലും അമ്മ എന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രികയായിരിക്കുമെന്ന് തനിഷ് വീഡിയോയിൽ പറഞ്ഞു. “എന്നെ ആദ്യമായി നടക്കാൻ പഠിപ്പിച്ചത് അമ്മയാണ്, ഇന്ന് അമ്മയെ ആകാശത്തിലൂടെ പറത്താൻ എനിക്ക് സാധിച്ചു” എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധം വ്യക്തമാക്കുന്ന ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പൈലറ്റിന്റെ കരിയറിലെ ഈ അപൂർവ്വ നേട്ടത്തെയും മനോഹരമായ നിമിഷങ്ങളെയും പ്രശംസിച്ച് നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
