തലശേരി: അന്തർസംസ്ഥാന രാസലഹരി വിപണന സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്ന റാക്കറ്റ് രംഗത്ത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഏത് സംസ്ഥാനത്തും ബാങ്ക് അക്കൗണ്ടുകളെടുത്ത് വിൽക്കുന്ന വൻ ശൃംഖല ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഹരിയാന, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ സംഘമെടുത്തിട്ടുള്ള നിരവധി ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും പ്രഫഷണൽസും ചെറുകിട വ്യാപാരികളും തെരുവു കച്ചവടക്കാരും ഉൾപ്പെടെ ഇതിൽ കണ്ണികളാണ്.
ബാങ്ക് അക്കൗണ്ടുകൾക്ക് വില പറഞ്ഞ് ഉറപ്പിച്ചാൽ പിൻനമ്പറുകൾ കൈമാറും. പിന്നീട് ലഹരി സംഘമായിരിക്കും അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യുക. പലരും ലഹരി മാഫിയയാണ് ഇതിന് പിന്നിലെന്നറിയാതെയാണ് അക്കൗണ്ട് വിൽക്കുന്നത്. അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇതിനകം നടന്നിട്ടുള്ളത്. സംഘത്തെകുറിച്ചുള്ള വിശദമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
അതിനിടെ, തലശേരി പൊലിസ് കർണാടക കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ രാസലഹരി വിൽപന സംഘത്തിലെ പ്രധാനകണ്ണി അറസ്റ്റിലായി. തലശേരി ചിറക്കരയിലെ പുതിയ കുറുക്കൻകണ്ടി മുജിതാബ (28) യാണ് പിടിയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായാണ് തലശേരി പൊലിസ് പിടികൂടിയത്.
തലശേരി മേഖലയിൽ എംഡിഎംഎ വിതരണം നടത്തുന്ന മാഫിയയുടെ മുഖ്യകണ്ണിയാണ് മുജിതാബയെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ, തലശേരി ഡാൻസാഫ് ടീമുകളും തലശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ജൂൺ 11ന് തലശേരി ചിറക്കരയിൽ നിന്ന് 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്റെ തുടർ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം ന്യൂമാഹിയിൽ 0.86 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നിന്നാണ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്. ആവശ്യക്കാർ നേരിട്ട് പണം കൈമാറുകയും തുടർന്ന് ഇടനിലക്കാർ വഴി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മയക്കുമരുന്ന് നിക്ഷേപിച്ച് ലൊക്കേഷൻ ഉപഭോക്താക്കൾക്ക് കൈമാറുകയുമായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പൊലീസ് പറഞ്ഞു.
ന്യൂമാഹിയിൽ നടത്തിയ ഡ്രോപ്പുമായി ബന്ധപ്പെട്ട് മുഹമ്മദ് സമീൽ എന്നയാളെ 185 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയും ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയുമാണ് മുജിതാബയിലേക്കും സംഘത്തിലേക്കും പോലീസ് എത്തിയത്.
ഹരിയാന ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന മറ്റൊരു കേസിലും പ്രതിക്ക് ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്കായി ഡൽഹിയിലും ബംഗളൂരുവിലുമായി അന്വേഷണം തുടരുകയാണ്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം തലശേരി എഎസ്പി ഡോ. നന്ദഗോപനാണ് അന്വേഷണചുമതല.
