വാഷിംഗ്ടൺ: പതിനെട്ടു വയസുകാർ ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രഫസറെന്ന ഗിന്നസ് റിക്കാർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നഥാൻ തോമസ്. ഫ്ളോറിഡ സ്വദേശിയായ നഥാന്‍ 18 വയസും 346 ദിവസവുമാണ് പ്രായം. മിയാമി ഡേഡ് കോളേജിലെ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടറാണ് നഥാൻ.
306 വർഷത്തെ റിക്കാർഡ് ആണ് നഥാൻ തകർത്തത്. സ്കോട്ടിഷ് മാത്തമാറ്റീഷ്യനായ കോളിൻ മാക്ളോറിനായിരുന്നു നേരത്തെ ഈ റിക്കാർഡിനുടമ. 1717ൽ 19ാം വയസിലാണ് കോളിൻ പ്രൊഫസറായത്.
പത്താം വയസിൽ സ്കൂൾ വിദ്യാഭ്യാസം തുടരുന്നതിനിടയിൽ നഥാൻ ഡ്യുവൽ-എൻറോൾമെന്റ് പ്രോഗ്രാമിലൂടെ മിയാമി ഡേഡ് കോളേജിൽ ചേർന്നു. 14-ാം വയസിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പഠനമാരംഭിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഓണേഴ്സോടെ പൂർത്തിയാക്കി.
2023 ഓഗസ്റ്റിലാണ് താൻ പഠിച്ച അതേ കോളേജിൽ അദ്ധ്യാപകനായി നഥാനെത്തിയത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സി പ്രോഗ്രാം, കമ്പ്യൂട്ടേഷണൽ പ്രോബ്ളം സോൾവിംഗ് എന്നിവ പരിചയപ്പെടുത്തുന്ന കോഴ്സായ സിഒപി 2270: സി ആണ് നഥാൻ പഠിപ്പിക്കുന്നത്.
അദ്ധ്യാപനത്തോടൊപ്പം നഥാൻ, മിയാമി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലോയിൽ നിയമ പഠനവും നടത്തുന്നു. ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ വൈദഗ്ദ്ധ്യം നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നഥാൻ പറയുന്നു. 2028ൽ നിയമപഠനം പൂർത്തിയാക്കുമെന്നുള്ള പ്രതീക്ഷയിലാണ് നഥാൻ.
