തൃശൂർ: ഗുരുവായൂരിൽ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ഇതിൽ ഒരാൾ സ്ത്രീവേഷം ധരിച്ചാണ് സ്ഥലത്തെത്തിയത്. തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32), ബിനീഷ് (30) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽനിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂരിലെ സ്പായിൽ ജോലി ചെയ്തുവരുന്ന തൊടുപുഴ സ്വദേശിനിയെ ലക്ഷ്യമിട്ടാണ് പ്രതികൾ എത്തിയതെന്ന് സിഐ വിനോദ് വലിയാട്ടൂർ വ്യക്തമാക്കി. സംഘാംഗമായ പ്രസാദാണ് സ്ത്രീയുടെ വേഷം ധരിച്ചിരുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ വച്ച് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്.
താൻ ഒരു സുഹൃത്തിനെ കാണാൻ എത്തിയതാണെന്നായിരുന്നു ഇയാൾ ആദ്യം നൽകിയ മറുപടി. സംശയം തോന്നിയതിനെത്തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമത്തിന്റെ പദ്ധതികൾ വ്യക്തമായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു നാലുപേരെയും പോലീസ് പിടികൂടി. ഇവർ രക്ഷപ്പെടാൻ തയാറെടുക്കുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളുടെ കാറിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
