പരവൂർ: വിദേശ വിനോദസഞ്ചാരികൾക്കായി 10 ദിവസം നീണ്ടുനിൽക്കുന്ന ആകർഷകമായ ജപ്പാൻ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഒന്പത് രാത്രിയും 10 പകലും അടങ്ങുന്ന ജപ്പാൻ എക്സ് ഡൽഹി പാക്കേജ് വരുന്ന സെപ്റ്റംബർ ആറിനാണ് ഡൽഹിയിൽ നിന്ന് ആരംഭിക്കുന്നത്. ജപ്പാനിലെ പ്രശസ്തമായ സാംസ്കാരിക കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
ടോക്കിയോ, ഹകോൺ, ഹമാമത്സു, ക്യോട്ടോ, ഒസാക്ക, നാര, ഹിരോഷിമ തുടങ്ങിയ പ്രധാന നഗരങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് യാത്രാ പദ്ധതി തയാറാക്കിയിട്ടുള്ളത്. ട്രിപ്പിൾ ഷെയറിംഗ് അടിസ്ഥാനത്തിൽ ഒരാൾക്ക് 3,45,999 രൂപ മുതലാണ് പാക്കേജ് നിരക്കുകൾ ആരംഭിക്കുന്നത്. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക ഇളവുകൾ ലഭ്യമാണ്. യാത്രക്കാർ സെപ്റ്റംബർ 15ന് മടങ്ങിയെത്തും.
ബുള്ളറ്റ് ട്രെയിൻ യാത്രയും കാഴ്ചകളും; എല്ലാ സൗകര്യങ്ങളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മൗണ്ട് ഫുജി, ഒവാകുദാനി താഴ്വര, നഗോയയിലെ ടൊയോട്ട മ്യൂസിയം, ക്യോട്ടോയിലെ കിങ്കാകു-ജി ക്ഷേത്രം, ഒസാക്ക കാസിൽ, ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് തുടങ്ങിയ ലോകപ്രശസ്തമായ കേന്ദ്രങ്ങൾ സന്ദർശന പട്ടികയിലുണ്ട്. ഷിൻ-ഒസാക്കയിൽ നിന്ന് ഹിരോഷിമയിലേക്കുള്ള ജപ്പാനിലെ പ്രശസ്തമായ ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിൻ യാത്രയാണ് പാക്കേജിന്റെ പ്രധാന ആകർഷണം.
വിമാന ടിക്കറ്റ്, ഫോർ സ്റ്റാർ ഹോട്ടലുകളിലെ താമസം, വിസ നിരക്കുകൾ, ഭക്ഷണം, വിമാനത്താവള ട്രാൻസ്ഫർ, കാഴ്ചകൾ കാണുന്നതിനുള്ള ഗതാഗത സൗകര്യം, യാത്രാ ഇൻഷ്വറൻസ്, ഗൈഡിന്റെ സേവനം എന്നിവയെല്ലാം അടങ്ങുന്നതാണ് പാക്കേജ്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്പോർട്ടും ആവശ്യമായ മറ്റ് രേഖകളും ഉള്ളവർക്ക് ഐആർസിടിസി വഴി യാത്ര ബുക്ക് ചെയ്യാവുന്നതാണ്.
