ന്യൂഡൽഹി: രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെതിരായ ബിജെപി എംപിയുടെ ലുങ്കി പരാമർശത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തം. സഭാ നടപടികൾക്കിടയിൽ ജോൺ ബ്രിട്ടാസിനെ ‘ലുങ്കി വാല’ എന്ന് അഭിസംബോധന ചെയ്ത് അധിക്ഷേപിച്ച സംഭവത്തിലാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിൽനിന്നു മാറി ബിജെപിയിൽ ചേർന്ന പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗം സുസ്മിത ദേവാണ് ചൊവ്വാഴ്ച പാർലമെന്റ് നടപടികൾക്കിടയിൽ ബ്രിട്ടാസ് സംസാരിക്കുമ്പോൾ പിന്നിലിരുന്ന് ഈ പരാമർശം നടത്തിയത്. ഇത് മറ്റ് എംപിമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിഷേധം കനക്കുകയായിരുന്നു.
ജനപ്രതിനിധികളിൽ നിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾവച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി. പരാമർശം നടത്തിയ എംപിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സഭയ്ക്കുള്ളിലും പുറത്തും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഈ സംഭവം.
