ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിന്റെ ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് വനം വകുപ്പ്. സംഭവത്തിൽ മൃഗങ്ങളെ എത്തിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളിലാണ് അധികൃതർ.
മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെ തുടർന്ന് വനംവകുപ്പ് ഇവിടെ പരിശോധന നടത്തി. മൃഗങ്ങളെ എത്തിച്ചതിന്റെ കൃത്യമായ രേഖകൾ ഹാജരാക്കാൻ അധികൃതർ ഉടമസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രജനന കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
