ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനം അനങ്ങാതെ വന്നതോടെ 150 രൂപയുടെ ഓട്ടോ റൈഡ് പാതിവഴിയിൽ ഉപേക്ഷിച്ച് നടന്ന് വീട്ടിലെത്തി യുവാവ്. ബംഗളൂരു സ്വദേശിയായ ശിവാംഗ് പഥക് എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. തന്റെ അക്കൗണ്ടിലൂടെ യുവാവ് പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീട്ടിലേക്ക് പോകാനായി 150 രൂപ നൽകിയാണ് ശിവാംഗ് ഓട്ടോറിക്ഷ വിളിച്ചത്. എന്നാൽ പ്രധാന ജംഗ്ഷന് സമീപമെത്തിയതോടെ വാഹനം കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടു. അരമണിക്കൂറോളം ഒരു അടിപോലും മുന്നോട്ട് പോകാൻ കഴിയാതെ ഓട്ടോ കുടുങ്ങി നിർക്കേണ്ടി വന്നു.
വീട്ടിലേക്ക് ഇനി 1 മുതൽ 2 കിലോമീറ്റർ വരെ ദൂരം ബാക്കിയുണ്ടായിരുന്നെങ്കിലും സമയത്തിന് എത്തണമെങ്കിൽ ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ യുവാവ് ഓട്ടോയിൽ നിന്നിറങ്ങി നടക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരു വശത്ത് ഗതാഗതം പൂർണമായും സ്തംഭിച്ചു നിൽക്കുമ്പോൾ, അതിനടുത്തുള്ള മറ്റൊരു റോഡ് ആളനക്കമില്ലാതെ വിജനമായി കിടക്കുന്നതും ശിവാംഗ് തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്. “ഇതാണ് ബംഗളൂരുവിലെ ട്രാഫിക്, ഇനി നടക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല” എന്ന് നിരാശയോടെ യുവാവ് വീഡിയോയിൽ പറയുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ബംഗളൂരു യാത്രക്കാരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. ഐടി നഗരമായ ബംഗളൂരുവിൽ കുറഞ്ഞ ദൂരത്തേക്ക് പോലും മണിക്കൂറുകളോളം ട്രാഫിക്കിൽ കിടക്കേണ്ടി വരുന്നത് പതിവ് സംഭവമാണെന്ന് യാത്രക്കാർ പറയുന്നു.
