അമേരിക്കൻ കമ്പനിയിലെ സഹപ്രവർത്തകർ തന്നേക്കാൾ കാര്യങ്ങൾ അറിയാവുന്നവരാണെന്നായിരുന്നു ആ ഇന്ത്യൻ യുവതി ആദ്യം കരുതിയത്. എന്നാൽ പിന്നീട് അവരോടൊപ്പം ജോലിചെയ്തപ്പോഴാണ് ആ ധാരണ തികച്ചും തെറ്റാണെന്ന് അവൾക്ക് മനസ്സിലായത്. അമേരിക്കയിലെ തന്റെ തൊഴിൽ പരിചയം സംഭാഷണങ്ങളിലെ ആത്മവിശ്വാസത്തെക്കുറിച്ച് വലിയൊരു പാഠമാണ് പഠിപ്പിച്ചതെന്ന് വ്യക്തമാക്കുകയാണ് ഹരിണി എന്ന ഇന്ത്യൻ പ്രൊഫഷണൽ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹരിണി അനുഭവം തുറന്നുപറഞ്ഞത്.
ഓഫീസിലെ ഏക ഇന്ത്യൻ ജീവനക്കാരിയായ ഹരിണി, ജോലിയിൽ തുടക്കത്തിൽ പലപ്പോഴും സംസാരിക്കാൻ മടിച്ചുനിന്നു. കാര്യങ്ങളെക്കുറിച്ച് നൂറു ശതമാനം ഉറപ്പുവന്ന ശേഷം മാത്രം സംസാരിക്കാനായിരുന്നു ഇന്ത്യയിൽ വളർന്ന സാഹചര്യത്തിൽ താൻ പഠിച്ചിരുന്നത്. സ്കൂൾ ജീവിതത്തിൽ ശരിയായ ഉത്തരങ്ങൾ നൽകാൻ ഇത് സഹായിച്ചിരുന്നെങ്കിലും, കോർപ്പറേറ്റ് ലോകത്ത് ഈ രീതി തനിക്ക് തിരിച്ചടിയാകുന്നതായി അവൾക്ക് തോന്നി.
എന്നാൽ അമേരിക്കൻ സഹപ്രവർത്തകർ കാര്യങ്ങൾ പൂർണമായി മനസ്സിലാക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കാറില്ലെന്ന് ഹരിണി ശ്രദ്ധിച്ചു. അറിവിലുള്ള വ്യത്യാസമല്ല, മറിച്ച് കാര്യങ്ങൾ ചിന്തിച്ചു രൂപപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ അത് പങ്കുവെക്കാനുള്ള ആത്മവിശ്വാസമാണ് അവരുടെ പ്രത്യേകതയെന്ന് അവൾ തിരിച്ചറിഞ്ഞു.
ഒരു കാര്യം തികച്ചും കൃത്യമായി പറയാൻ ചിന്തിച്ചു നിൽക്കുമ്പോഴേക്കും മറ്റാരെങ്കിലും ആ വിഷയം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടാകും. തെറ്റുപറ്റുമോ എന്ന ഭയമില്ലാതെ ‘എന്റെ അഭിപ്രായം ഇതാണ്’ എന്ന് പറയാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാവുന്ന ഒരു കഴിവാണ്. ആത്മവിശ്വാസം എന്നത് പൂർണ ഉറപ്പുള്ളിടത്ത് മാത്രമല്ല, മറിച്ച് അല്പം സംശയങ്ങളുള്ളപ്പോഴും അഭിപ്രായം പറയാൻ കാണിക്കുന്ന ധൈര്യത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് തന്റെ സമീപനത്തിൽ മാറ്റമുണ്ടായതെന്ന് ഹരിണി കൂട്ടിച്ചേർത്തു.
