താൻ ചൈനക്കാരിയാണോ എന്ന് ചോദിച്ചയാളോട് “ഞങ്ങളെ ഇന്ത്യക്കാരെന്ന് വിളിക്കൂ” എന്ന് ഉറപ്പിച്ചു പറയുന്ന അരുണാചൽ പ്രദേശിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വംശീയ ചോദ്യങ്ങൾ തന്നിൽ ഉണ്ടാക്കുന്ന ദേഷ്യവും വിഷമവും വളരെ വ്യക്തമായി തന്നെ ഈ കുട്ടി വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.
“ഞങ്ങൾ ഇന്ത്യക്കാരാണ്. നിങ്ങൾ ഞങ്ങളെ ചൈനക്കാരെന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് വളരെ ദേഷ്യവും വിഷമവും വരാറുണ്ട്. ഞങ്ങളെ ഇന്ത്യക്കാർ എന്ന് വിളിക്കൂ. ഞങ്ങൾ ഇന്ത്യക്കാരാണ്, ഇറ്റാനഗറിലാണ് ജീവിക്കുന്നത്,” എന്ന് പെൺകുട്ടി വീഡിയോയിൽ പറയുന്നു.
ഇൻസ്റ്റാഗ്രാമിലും എക്സിലും വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിലെ പെൺകുട്ടിയുടെ പ്രതികരണത്തെ നിരവധി ആളുകൾ പ്രശംസിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ നേരിടുന്ന വംശീയ അധിക്ഷേപങ്ങളെയും സ്റ്റീരിയോടൈപ്പുകളെയും കുറിച്ച് സംസാരിക്കാൻ പലരും ഈ വീഡിയോ ഉപയോഗപ്പെടുത്തി.
താൻ ഇന്ത്യക്കാരിയാണെന്ന് മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കേണ്ട ഒരു സാഹചര്യവും ആ കുട്ടിക്ക് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വടക്കുകിഴക്കൻ ഭാരതത്തിൽ നിന്നുള്ള ജനങ്ങൾ പലപ്പോഴും നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് ഈ പെൺകുട്ടിയുടെ കുറിക്ക് കൊള്ളുന്ന വാചകങ്ങൾ നൽകുന്നത്.
