പെരുമ്പാവൂര്‍: കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ 13കാരിക്കായി കുറുപ്പംപടി പോലിസ് സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒടുവില്‍ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയില്‍ സാഹസികമായി നിന്ന് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ 13ന് വൈകിട്ട് ആറോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ എസ്ഐയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് വിവിധ രീതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെ കുറിച്ച് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി.
ഇതോടെ കുറുപ്പംപടിയില്‍ നിന്നുള്ള പോലിസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. ഒഡിഷയില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിര്‍ണായക വിവരം ലഭിച്ചു.
നക്സല്‍ ബാധിത മേഖലയില്‍ 18ന് ആണ് പോലിസ് സംഘം എത്തിയത്. തുടര്‍ന്ന് ബഞ്ചനഗര്‍ പോലിസിന്റെ സഹായത്തോടെ സാഹസികമായാണ് അലോകിനെയും കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തിയത്. എസ്ഐ കെ.എം. അബി, സീനിയര്‍ സിപിഒമാരായ എന്‍.പി. ബിന്ദു, അരുണ്‍ കെ. കരുണന്, രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
