കൊച്ചി: ഇൻഫോപാർക്ക് റോഡിൽ അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദർശിപ്പിച്ച് ഓണാഘോഷ പ്രചാരണം നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. മാവേലിയും പുലികളിയുമായി എത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന് 7,700 രൂപയാണ് പിഴ ചുമത്തിയത്.
ബാങ്കിന്റെ പരസ്യങ്ങളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരക്കേറിയ സ്ഥലങ്ങളിലും സ്ഥാപനങ്ങൾക്ക് മുന്നിലും വാഹനം നിർത്തി നടത്തിയ പ്രചാരണം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പരസ്യം പതിക്കുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങളുടെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതിയോ ഫീസോ അടച്ചിട്ടില്ലെന്ന് കണ്ടെത്തി.
വാഹനവും മാവേലിയും പുലിക്കളി സംഘത്തെയും ഉദ്യോഗസ്ഥർ കളക്ടറേറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പരസ്യം ചെയ്തത് ബാങ്ക് നേരിട്ടല്ലെന്നും പ്രോഗ്രാം ഏറ്റെടുത്ത ഏജൻസിയാണ് ഇതെന്നും പിന്നീട് വ്യക്തമായി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടയച്ചു.
