പത്തനംതിട്ട: പഴകിയ അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിന് പിഴയിട്ട് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിലെ ‘കിംഗ്സ് ബിരിയാണി കുഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകൾ 96,500 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.
കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, അംഗമായ നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. റാന്നി വെച്ചൂച്ചിറ സ്വദേശിനിയായ റീന തോമസ് നൽകിയ പരാതിയിലാണ് നടപടി. ചികിത്സാ ചെലവുകൾ ഉൾപ്പെടെയുള്ള തുകയാണ് കമ്മീഷൻ വിധിച്ചത്.
2025 ഒക്ടോബർ 21-നാണ് റീന തോമസും സഹോദരിയും ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചത്. രുചി വ്യത്യാസം തോന്നിയപ്പോൾ തന്നെ ഇവർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഹോട്ടൽ അധികൃതർ അത് കാര്യമാക്കാതെ 740 രൂപ ബിൽ ഈടാക്കി അയക്കുകയായിരുന്നു.
തുടർന്ന് ബാക്കി ഭക്ഷണം പാഴ്സലായി വാങ്ങി മടങ്ങവെ ഇരുവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെച്ചൂച്ചിറയിലെയും പിന്നീട് കാഞ്ഞിരപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നീട് നടത്തിയ പരിശോധനയിൽ, പഴകിയ ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ‘സാൽമണെല്ല’ അണുബാധയാണ് രോഗകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
