എറണാകുളം: അങ്കമാലിയിൽ ഓണാഘോഷത്തിനിടയിൽ തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്യുകയും വാഹനം ഓടിക്കുകയും ചെയ്ത ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.
എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ ഓണാഘോഷത്തോടനുബന്ധിച്ച് മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങളും റോഡ് ഷോകളും വ്യാപകമായതിനെത്തുടർന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ എംവിഡി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനുപുറമേ, സമാനമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ കോളജിലെ ആഘോഷ ദൃശ്യങ്ങളും വകുപ്പ് പരിശോധിച്ചു വരികയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
