പത്തനംതിട്ട: ക്ഷേത്രത്തിൽവച്ച് ജീവനക്കാരിയുടെ മുഖത്ത് മുളകുപൊടി തേച്ച് സ്വർണമാല കവരാൻ ശ്രമിച്ച പൂജാരി പിടിയിൽ. ഇലന്തൂർ പൂക്കോട്ട് ഗുരുമന്ദിരത്തിന് സമീപം മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോൻ (52) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടനാൽ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം.ക്ഷേത്രത്തിലെ കഴകം ജീവനക്കാരി വിജയമ്മയ്ക്ക് (63) നേരെയായിരുന്നു പ്രതിയുടെ ആക്രമണം.
പതിവ് പോലെ അന്ന് രാവിലെ ക്ഷേത്രത്തിലെത്തി ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന ക്ഷേത്രത്തിന് അല്പം മാറി ഇരുചക്ര വാഹനം ഒതുക്കി നിർത്തിയ ശേഷം റബർ തോട്ടം വഴി രഹസ്യമായി അകത്തുകടന്ന ബിജുമോൻ, ക്ഷേത്രത്തിലെ പട്ടുതുണിയിൽ മുളകുപൊടി തളച്ചെടുത്ത് വിജയമ്മയുടെ മുഖത്തേക്ക് അമർത്തുകയായിരുന്നു.
ശ്വാസംമുട്ടിച്ച ശേഷം അവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയമ്മ ധൈര്യത്തോടെ കുതറിമാറി ഉച്ചത്തിൽ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി തടഞ്ഞുവയ്ക്കുകയും തുടർന്ന് പോലീസിന് കൈമാറുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ പോലീസ് വിജയമ്മയുടെ ഔദ്യോഗിക മൊഴി രേഖപ്പെടുത്തുകയും പ്രതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പിടിയിലായ ബിജുമോൻ പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസും കോയിപ്രം സ്റ്റേഷനിലെ മറ്റ് ക്രിമിനൽ കേസുകളും ഉൾപ്പെടെയുള്ള മുൻകാല കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
