ആൽവാർ: രാജസ്ഥാനിലെ ആൽവാറിൽ സ്കൂൾ വിദ്യാർഥിനികളുമായി ഡാമിൽ കുളിക്കാനിറങ്ങിയ സ്കൂൾ പ്രിൻസിപ്പലിനു സസ്പെൻഷൻ. വിദ്യാർഥനികളോടു മോശമായി പെരുമാറിയെന്നതുമാത്രമല്ല ലൈഫ് ജാക്കറ്റ് ഉൾപ്പെടെ ഇല്ലാതെ വിദ്യാർഥിനികളെ ഡാമിൽ ഇറക്കിയതും അതിവേഗ നടപടിക്കു കാരണമായി.
ആൽവാറിലെ താനഗസി പടക്ഛപ്ലി സ്കൂൾ പ്രിൻസിപ്പൽ ലാൽ ചന്ദ് മീണയെയാണ് അധികൃതർ സസ്പൻഡ് ചെയ്തത്. സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം നൂറ്റന്പതിലധികം വിദ്യാർഥികളുമായി മീണ ഡാമിലേക്കു തിരിക്കുകയായിരുന്നു. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 150 ഓളം വിദ്യാര്‍ഥികളുമായി കൊടുംകാട്ടിലൂടെ രണ്ടുകിലോമീറ്ററോളം നടന്നാണ് സംഘം ഡാമിലെത്തിയത്.
പന്ത്രണ്ടാംക്ലാസിലെ പെൺകുട്ടികൾ ഉൾപ്പെടെ ഡാമിൽ ഇറങ്ങിയതോടെ മീണയും ഒപ്പംചേർന്നു. സമീപമുണ്ടായിരുന്ന ഏതാനും യുവാക്കൾ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിലും പെട്ടു. പിന്നാലെ ഗ്രാമവാസികള്‍ പരാതിയും നൽകിയതോടെ സസ്പൻഷൻ ഉത്തരവ് പുറത്തിറങ്ങി.
നീന്തല്‍ പഠിപ്പിക്കാനെന്ന വ്യാജേനയാണ് വിദ്യാര്‍ഥികളെ മീണ കൊണ്ടുപോയതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു.ഒട്ടേറെ ആളുകള്‍ മുങ്ങിമരിച്ച ഇടത്ത് യാതൊരു സരുക്ഷയുമില്ലാതെ വിദ്യാർഥികളെ ഇറക്കുകയായിരുന്നു എന്നും ഗ്രാമവാസികൾ പറയുന്നു. അപകട സാധ്യത കാരണം നാല് വര്‍ഷമായി ജലാശത്തിലേക്കുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്.
