ഐഐടി ഹൈദരാബാദ് കാമ്പസിലെ നായകളെ ഉപദ്രവിക്കാനും കൊല്ലാനും വിദ്യാർഥികൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ച നടത്തിയെന്ന ആരോപണം വിവാദമാകുന്നു. ഇതുമായി ബന്ധപ്പെട്ടതായി പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിഷയം ഹൈദരാബാദ് സിറ്റി പൊലീസിന്റെ ശ്രദ്ധയിലും എത്തി.
സുസ്രുതി വെംപതി എന്ന എക്സ് ഉപയോക്താവാണ് ആരോപണങ്ങൾ സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ചത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി ഹൈദരാബാദിലെ വിദ്യാർഥികൾക്ക് ക്യാമ്പസിലെ നായകളെ ലക്ഷ്യമിട്ട് ഇത്തരം ചർച്ചകൾ നടത്താൻ എങ്ങനെ കഴിയുന്നുവെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരുടെ പോസ്റ്റ്.
കോളേജിലെത്തിയ ശേഷം വിദ്യാർഥികൾ എന്താണ് ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് സുസ്രുതി പോസ്റ്റ് പങ്കുവച്ചത്. കാമ്പസിലെ നായകളെ വെറുക്കുന്ന ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിദ്യാർഥികൾ രൂപീകരിച്ചിട്ടുണ്ടെന്നും നായകളെ കൊല്ലാനുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് അവിടെ ചർച്ചകൾ നടക്കുന്നതായും അവർ ആരോപിക്കുന്നു.
നായകളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന കാര്യം വിദ്യാർഥികൾക്ക് അറിയില്ലേയെന്നും, പിഎച്ച്ഡി വിദ്യാർഥികൾ പോലും ഇത്തരം വിദ്വേഷപ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നതെന്നും സുസ്രുതി കുറ്റപ്പെടുത്തി.
കാമ്പസിലെ ‘വോൾഫി’ എന്ന നായ തന്റെ പോസ്റ്റിന് രണ്ടോ മൂന്നോ ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്നും മരണവുമായി ബന്ധപ്പെട്ട് സംശയമുന്നയിക്കുന്നെന്നും സുസ്രുതി ആശങ്ക പങ്കുവച്ചു.
സുസ്രുതിയുടെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഹൈദരാബാദ് സിറ്റി പോലീസ് പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. പോസ്റ്റ് വൈറലായതോടെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിലും സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ച ശക്തമാകുകയാണ്.
