പതിവുപോലെ അന്നും സ്കൂൾ ബെല്ലടിച്ചു.എന്നാലത് ക്ലാസിൽ കയറാൻ കുട്ടികൾക്കു വേണ്ടിയുള്ള വാണിംഗ് ബെല്ല് ആയിരുന്നില്ല. പകരം ‘ഓടിക്കോളൂ’ എന്ന മുന്നറിയിപ്പായിരുന്നു അത്. നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂളിൽ നിമിഷങ്ങൾക്കകം നടന്നത് ജീവൻമരണ പോരാട്ടമായിരുന്നു.
അതിശക്തമായ മിന്നൽപ്രളയം താഴ്വരയിലേക്ക് ഇരച്ചെത്തിയതോടെ സ്കൂളിലുണ്ടായിരുന്ന 1,643 കുട്ടികളെയും അധ്യാപകർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുകയായിരുന്നു.
വെള്ളം കുതിച്ചെത്തിയപ്പോഴേക്കും മൂന്ന് നിലകളുള്ള സ്കൂൾ കെട്ടിടം മുഴുവൻ തകർന്നു വീണു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും പ്രിൻസിപ്പലുമായ രാജേന്ദ്ര ദവാഡി എന്ന 47 കാരന്റെ സമയോജിതമായ ഇടപെടലിലാണ് കുട്ടികളെ രക്ഷിക്കാനായത്.
നദിയിൽനിന്ന് ഏകദേശം 60 മീറ്റർ ഉയരത്തിലായിരുന്നു സ്കൂൾ കെട്ടിടം. ഗ്രാമത്തെ കിഴക്കൻ കരയുമായി ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലത്തിനൊപ്പമായിരുന്നു സ്കൂളിന്റെ ഉയരം. അതിനാൽ തുടക്കത്തിൽ സ്കൂൾ സുരക്ഷിതമാണെന്നാണ് ദവാഡി കരുതിയത്. എന്നാൽ കാര്യങ്ങൾ മാറിയത് പെട്ടെന്നായിരുന്നു.
ഒരു രക്ഷിതാവ് സ്കൂളിലെത്തി വെള്ളം അതിവേഗം ഉയരുകയാണെന്ന് മുന്നറിയിപ്പ് നൽകി. സമയം കളയാതെ ദവാഡി സ്കൂൾ ബെൽ മുഴക്കി. ക്ലാസ് മുറികളിലുള്ള കുട്ടികളെ ഉടൻ ഒഴിപ്പിക്കാൻ അധ്യാപകർക്ക് നിർദേശം നൽകി. സ്കൂൾ ബസ് ഡ്രൈവർമാരെയും ബന്ധപ്പെട്ടു. ബസുകൾ തിരികെ കൊണ്ടുവരാനും ആവശ്യപ്പെട്ടു.
ഒടുവിൽ കുട്ടികൾ ഒരു ബോധിവൃക്ഷത്തിന് താഴെ അഭയം തേടി. അതിനുപിന്നാലെ പ്രളയജലം കുതിച്ചെത്തി. വെള്ളത്തിന്റെ ശക്തിയിൽ കെട്ടിടങ്ങളും പാലങ്ങളും വലിയ തോതിൽ പാറകളും ചെളിയും അവശിഷ്ടങ്ങളും ഒലിച്ചുപോയി. സ്കൂൾ കെട്ടിടവും പൂർണമായി തകർന്നു. എന്നാൽ അതിനുമുമ്പ് നടത്തിയ രക്ഷാപ്രവർത്തനം 1,643 കുട്ടികളുടെയും ജീവൻ രക്ഷിച്ചു.
രണ്ട് സ്കൂൾ ജീവനക്കാർക്ക് പക്ഷേ രക്ഷപ്പെടാനായില്ല. സാമൂഹിക ചരിത്ര അധ്യാപകനായ 32കാരൻ സന്തോസ് പരിയാർ നദിക്കരയിലെ വാടകമുറിയിലേക്ക് പ്രഭാതഭക്ഷണം തയ്യാറാക്കാനായി മടങ്ങിയപ്പോഴാണ് പ്രളയത്തിൽപ്പെട്ടത്. സ്കൂളിന്റെ വാതിലുകൾ അടയ്ക്കാൻ തിരികെയെത്തിയ ജീവനക്കാരൻ സുൽത്താൻ ലാമയും മരിച്ചു.
പ്രദേശവാസികളെല്ലാവരും ദവാഡിയെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ചപ്പോൾ, ‘ഞാൻ മറ്റെന്താണ് ചെയ്യേണ്ടിയിരുന്നത്’ എന്ന് ചെളിയിൽ മുങ്ങിയ സ്കൂളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അദ്ദേഹം പറഞ്ഞു.
