പഠനം തുടരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ ഏഴുവയസ്സുകാരി രാഗിണിയുടെ വികാരഭരിതമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന്, സഹായവുമായി ജില്ലാ ഭരണകൂടം വീട്ടിലെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ബല്ലിയ ജില്ലാ മജിസ്ട്രേറ്റ് മംഗള പ്രസാദ് സിംഗ് നേരിട്ട് രാഗിണിയുടെ ഗ്രാമത്തിലെത്തി പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിക്കുകയായിരുന്നു. രാഗിണിയുടെ പഠനവും ദൈനംദിന ജീവിതവും സുഗമമാക്കുന്നതിനായി നിരവധി സഹായങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
യാത്ര എളുപ്പമാക്കുന്നതിനായി ഒരു ട്രൈസൈക്കിളും, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, തൊട്ടിൽ, മറ്റ് പഠനോപകരണങ്ങൾ, ടീച്ചിംഗ്-ലേണിംഗ് മെറ്റീരിയൽ കിറ്റ് എന്നിവയും ഡിഎം തൽക്ഷണം കൈമാറി.
രാഗിണിയുടെ വൈദ്യചികിത്സയ്ക്കും ഭരണകൂടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അവളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും കാലിലെ ശസ്ത്രക്രിയയ്ക്കുള്ള സാധ്യതകൾ ആരായാനും ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാൻ ഉദ്യോഗസ്ഥരോട് ഡി.എം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനുപുറമേ, കുടുംബം നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വീടിന്റെ ശൗചാലയവും വീടിന് മുന്നിലെ റോഡും അറ്റകുറ്റപ്പണി നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് സ്കൂളിൽ പോകുന്നതിൽ നേരിട്ട ബുദ്ധിമുട്ടുകൾ വിവരിച്ചുകൊണ്ട് രാഗിണി പങ്കുവെച്ച വീഡിയോ തരംഗമായത്. ശാരീരിക വെല്ലുവിളികൾ നേരിടുമ്പോഴും പഠിക്കാനുള്ള പെൺകുട്ടിയുടെ നിശ്ചയദാർഢ്യം വലിയ ശ്രദ്ധ നേടുകയും ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുകയുമായിരുന്നു. വീഡിയോയിൽ “ഡി.എം അങ്കിൾ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സഹായിക്കണമെന്ന് രാഗിണി അഭ്യർത്ഥിച്ചത്.
ട്രൈസൈക്കിളും പുസ്തകങ്ങളും പഠനോപകരണങ്ങളും കൈയിലെത്തിയതോടെ, താൻ ആഗ്രഹിച്ച വലിയ പിന്തുണ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ ഏഴുവയസ്സുകാരി.

