തലശേരി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഒരു മാസം തികഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ ലോക്കൽ പൊലിസിന് കഴിയാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് വിടാൻ അധികൃതർ ആലോചിക്കുന്നുണ്ട്. ഇതിനിടയിൽ ശിവസൂര്യയെ രാമേശ്വരത്ത് കണ്ടതായുള്ള വിശ്വസനീയ വിവരത്തെ തുടർന്ന് പൊലിസ് മിന്നൽ വേഗത്തിൽ അവിടെ എത്തുകയും പരിശോധന നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല. രണ്ടുദിവസം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പൊതു ഇടങ്ങളിലും ക്ഷേത്രങ്ങളിലും എല്ലാം പൊലിസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെ തുടർന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയെ തേടി പൊലിസ് ഒരാഴ്ചയിലേറെ കാശിയിൽ തങ്ങി പരിശോധിച്ചെങ്കിലും ഗുണമുണ്ടായില്ല. തലശേരി എഎസ്പി ഡോ. നന്ദഗോപന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വഷണസംഘം കാശിയിൽ പോയത്.
കഴിഞ്ഞ മാസം 8 നാണ് കുട്ടിയെ കാണാതായത്.”ഞാൻ കാശിയിലേക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന കുറിപ്പ് എഴുതിവച്ചാണ് ശിവസൂര്യ വീടുവിട്ടത്.
ബംഗളൂരു, പാലക്കാട്, കൊച്ചി, പളനി, മൂകാംബിക , മുരുടേശ്വർ, എന്നീ നഗരങ്ങളിൽ പൊലിസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
കുട്ടിയെ കണ്ടെത്താൻ ലോക്കൽ പൊലിസ് നടത്തിയ ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ഭാഷകളിൽ കുട്ടിയുടെ ചിത്രം അടങ്ങിയ നോട്ടീസ് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
