കൂത്താട്ടുകുളം: യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. വൈക്കം ഡിപ്പോയിലെ വൈക്കം – തൊടുപുഴ റൂട്ടിലോടുന്ന പ്രിയദർശിനി വനിതാ സൗജന്യയാത്രാ ബസിലെ ജീവനക്കാരാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ കൃത്യസമയത്ത് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് കൂത്താട്ടുകുളത്ത് നിന്ന് തൊടുപുഴയ്ക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ചൽപ്പെട്ടി സ്വദേശിനിക്കാണ് ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആംബുലൻസിനോ മറ്റ് വാഹനങ്ങൾക്കോ കാത്തുനിൽക്കാതെ ഡ്രൈവർ വൈക്കം പടിഞ്ഞാറേപുത്തോലയിൽ ഷാജിയും കണ്ടക്ടർ വൈക്കം കൊതവറ പുത്തൻപുരയിൽ ഉഷാകുമാരിയും ചേർന്ന് ബസ്ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യാത്രക്കാരിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷമാണ് ബസ് മറ്റ് യാത്രക്കാരുമായി സർവീസ് തുടർന്നത്.
