തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭ്യമാക്കേണ്ട ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തിവെച്ചത് പിണറായി സർക്കാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു.
2014-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവച്ച ദീർഘകാല വൈദ്യുതി കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു.
എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.
