വിവാഹവാർഷികത്തിൽ വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി നടൻ സൂര്യയും ജ്യോതികയും.ഇരുപതാം വിവാഹ വാർഷിക ദിനത്തിലാണ് ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങിൽ ഇരുവരും വെള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. ജ്യോതിക ഗൗണും സൂര്യ വെള്ള ടക്സീഡോയുമാണ് ധരിച്ചിരുന്നത്.
ചടങ്ങിന്റെ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ജ്യോതിക ആരാധകരുമായി പങ്കുവെച്ചു. “ദ് സീക്വൽ – 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകരും പോസ്റ്റിനു താഴെ കമന്റുകളുമായെത്തി.
1999ൽ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ശേഷം 2006 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. ‘2D എന്റർടെയ്ൻമെന്റ്’ എന്ന നിർമാണ കമ്പനി സംയുക്തമായി നടത്തുന്ന ഇവർക്ക് ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അടുത്തിടെ ഇവർ ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയിരുന്നു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആന്റ് സൺസ്’ (2026) ആണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. രാജ്കുമാർ റാവുവിനൊപ്പം അഭിനയിച്ച ‘ശ്രീകാന്ത്’ (2024) എന്ന ഹിന്ദി ചിത്രമാണ് ജ്യോതികയുടേതായി അവസാനമായി പുറത്തിറങ്ങിയത്.
