വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ നടുവിൽ വെച്ച് അപ്രതീക്ഷിതമായി നടന്ന ഒരു അച്ഛൻ-മകൻ സംഗമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവരുന്നത്. വ്യത്യസ്ത കപ്പലുകളിൽ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്ന രണ്ട് ഇന്ത്യൻ നാവികരാണ് കടൽമധ്യത്തിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്.
വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന റുഷീൽ ശരൺ എന്ന നാവികൻ, എതിർദിശയിൽ നിന്ന് ഒരു വലിയ കപ്പൽ വരുന്നത് കണ്ട് അതിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ആ കപ്പലിൽ സ്വന്തം അച്ഛൻ രവിരാജ് ആണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞത്.
മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയോ യാത്രാ പദ്ധതികളോ ഇല്ലാതെയാണ്, കോടിക്കണക്കിൽ ഒന്ന മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഈ അത്ഭുതം നടന്നത്.
“വിപരീത ദിശയിലേക്ക് സഞ്ചരിച്ച രണ്ട് കപ്പലുകൾ, രണ്ട് യാത്രകൾ… പക്ഷേ അറ്റ്ലാന്റിക്കിന്റെ നടുവിൽ നൂറുകോടിയിലൊന്ന് മാത്രം സംഭവിക്കാവുന്ന നിമിഷത്തിൽ എന്റെ അച്ഛനും ഞാനും കണ്ടുമുട്ടി” എന്ന അടിക്കുറിപ്പോടെ റുഷീൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
മാസങ്ങളോളം കുടുംബത്തെ പിരിഞ്ഞ് കടലിൽ കഴിയേണ്ടിവരുന്ന നാവിക ജീവിതത്തിനിടയിൽ, തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഈ നിമിഷം തങ്ങൾക്കും വലിയൊരു അനുഭൂതിയാണെന്ന് നെറ്റിസൺസ് കുറിക്കുന്നു.
