കൊച്ചി: വൻ കവർച്ചാ പദ്ധതി ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശികളായ 11 അംഗ സംഘത്തെ പൊലിസ് പിടികൂടി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് സംഘം പിടിയിലായതെന്നും ഇവർ മീററ്റ് സ്വദേശികളാണെന്നും പൊലിസ് വ്യക്തമാക്കി.
തൃശൂരിൽ മോഷണശ്രമത്തിനിടെ റിഹാൻ എന്നയാൾ പിടിയിലായതോടെയാണ് സംഘത്തെക്കുറിച്ച് പൊലിസിന് നിർണായക വിവരം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കളമശേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിൽനിന്ന് അഞ്ച് പേരെ കൂടി പിടികൂടിയത്.
വിമാനത്തിൽ കേരളത്തിലെത്തി ബൈക്കുകളിൽ കറങ്ങിയാണ് ഇവർ കവർച്ച നടത്താൻ പദ്ധതിയിട്ടത്. കവർച്ചയ്ക്ക് മുന്നോടിയായി സംഘം ട്രെയിൻ മാർഗം ബൈക്കുകൾ കേരളത്തിലെത്തിച്ചിരുന്നു. പിന്നീട് വിമാനത്തിൽ കൊച്ചിയിലെത്തിയ സംഘം നേരത്തെ എത്തിച്ച ബൈക്കുകളിൽ വിവിധയിടങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്താനായിരുന്നു പദ്ധതിയിട്ടത്.
അറസ്റ്റിലായവരിൽനിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തു. കേരളത്തിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘം മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തൽ.
