ഇരിട്ടി: ചൂട് കനക്കുന്നതിനിടെ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നത് നാരങ്ങാ വെള്ളം വില്പനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുന്നു. ഇരിട്ടി, ഉളിക്കൽ മേഖലകളിൽ ഒരു ചെറുനാരങ്ങയ്ക്ക് ഏഴു മുതൽ 10 വരെ രൂപയാണ് നിലവിലെ ചില്ലറ വില. വില ഇനിയും ഉയർന്നാൽ നാരങ്ങാവെള്ളത്തിനും വില വർധിപ്പിക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ കുറഞ്ഞതിനെ തുടർന്ന് ചെറുനാരങ്ങ ഉത്പാദനവും ലഭ്യതയും കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കേരളത്തിലേക്കുള്ള ചരക്കുവരവ് കുറഞ്ഞതും വില വർധിക്കാൻ ഇടയാക്കി.
ചൂട് ശക്തമായതോടെ നാരങ്ങാവെള്ളത്തിന് ആവശ്യക്കാരേറി. വഴിയോരക്കടകളിലും ജ്യൂസ് കടകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും വില്പന വർധിച്ചിട്ടുണ്ട്. എന്നാൽ നാരങ്ങയുടെ വില ഉയർന്നതോടെ വില്പനക്കാരുടെ ലാഭം കുറയുന്ന സ്ഥിതിയാണ്.
നാരങ്ങയ്ക്ക് പുറമെ പഞ്ചസാര, ഐസ് തുടങ്ങിയവയുടെ വിലയും വർധിച്ചതോടെ നാരങ്ങാവെള്ളത്തിന്റെ വില കൂട്ടാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. നാരങ്ങയുടെ ലഭ്യത സാധാരണ നിലയിലായില്ലെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ വിലയിരുത്തൽ.
