ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കെഎഫ്സി റസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷെയറിലെ ബ്രോംസ്ഗ്രോവിലുള്ള കെഎഫ്സി പാർക്കിംഗ് ലോട്ടിലാണ് ഈ കൗതുകകരവും വിചിത്രവുമായ സംഭവം.
കെഎഫ്സി പാർക്കിംഗിൽ ജനിച്ച കുഞ്ഞിന് മാതാപിതാക്കൾ നൽകിയ ‘കേണൽ കോഡി’ (Colonel Cody) എന്ന പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെഎഫ്സി സ്ഥാപകനായ ‘കേണൽ ഹാർലാൻഡ് സാണ്ടേഴ്സിനോടുള്ള’ ആദരസൂചകമായാണ് ഈ പേര് നൽകിയത്.
33 കാരിയായ കേറ്റി മർഫിയും പങ്കാളി സ്റ്റീഫൻ കിർബിയും ഓഗസ്റ്റ് 29ന് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് കുഞ്ഞ് ജനിച്ചത്.
പ്രസവവേദനയെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിയെങ്കിലും സമയം ആയിട്ടില്ല എന്ന് പറഞ്ഞ് വൈകുന്നേരത്തോടെ ഡോക്ടർമാർ ഇവരെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ രാത്രി ഒൻപത് മണിയോടെ വേദന കഠിനമായതിനെ തുടർന്ന് ഇരുവരും വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചു.
അരമണിക്കൂർ ദൂരമുള്ള ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ കുഞ്ഞ് വരാറായി എന്ന് കേറ്റിക്ക് മനസ്സിലായി. ഉടൻ തന്നെ അടിയന്തര സേവന വിഭാഗവുമായി ബന്ധപ്പെട്ട സ്റ്റീഫൻ, അവർ പതിവായി പോകുന്ന കെഎഫ്സി ഔട്ട്ലെറ്റിന്റെ പാർക്കിംഗ് ഏരിയയിലേക്ക് കാർ തിരിച്ചു നിർത്തി.
ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ രാത്രി 9:35ന് കാറിൽ വെച്ച് കേറ്റി കുഞ്ഞിന് ജന്മം നൽകുകയും സ്റ്റീഫൻ കുഞ്ഞിനെ സുരക്ഷിതമായി കൈകളിൽ ഏൽക്കുകയും ചെയ്തു.
അഞ്ചു മിനിറ്റിനുശേഷം സ്ഥലത്തെത്തിയ പാരമെഡിക്കൽ സംഘം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കേണൽ കോഡിയും അമ്മയും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട കെഎഫ്സി അധികൃതർ കുഞ്ഞിനും കുടുംബത്തിനും സ്നേഹാദരങ്ങൾ അറിയിക്കുകയും പ്രത്യേക ഉപഹാരങ്ങളും വൗച്ചറുകളും (Vouchers) സമ്മാനമായി നൽകുകയും ചെയ്തു. കുഞ്ഞിന്റെ ഒന്നാം ജന്മദിനം കെഎഫ്സിയിൽ വെച്ച് ആഘോഷിക്കുമെന്നാണ് അമ്മ കേറ്റി തമാശയായി പറയുന്നത്!
