വെറും 4.27 സെക്കൻഡിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ലോക റിക്കാർഡ് നേടി ആറുവയസുകാരി. ചൈനയിലെ ചെങ്ഡു സ്വദേശിയായ ലിയാൻ യുൻഷി (Lian Yunzhi) എന്ന പെൺകുട്ടിയാണ് വേൾഡ് ക്യൂബ് അസോസിയേഷന്റെ ഔദ്യോഗിക മത്സരത്തിൽ വനിതാ വിഭാഗത്തിൽ ഈ അപൂർവ്വ ലോക റിക്കാർഡ് സ്വന്തമാക്കിയത്.
തൊട്ടടുത്ത ദിവസങ്ങളിലായി വുഹാൻ, ഗുവാങ്ഷൂ എന്നിവിടങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത മത്സരങ്ങളിലായി രണ്ട് തവണയാണ് ലിയാൻ തന്റെ സ്വന്തം റിക്കാർഡ് തിരുത്തിയത്. ആദ്യ മത്സരത്തിൽ 4.52 സെക്കൻഡ് ശരാശരി സമയം കുറിച്ച താരം, തൊട്ടടുത്ത മത്സരത്തിൽ അത് 4.27 സെക്കൻഡാക്കി ചുരുക്കി.
3×3 റൂബിക്സ് ക്യൂബ് ആവറേജ് 4.5 സെക്കൻഡിൽ താഴെ സമയത്തിൽ പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ വനിതാ സ്പീഡ് ക്യൂബറാണ് ‘ഷിഷി’ എന്ന വിളിക്കപ്പേരുള്ള ഈ ആറുവയസുകാരി.
റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാനുള്ള ആയിരത്തിലധികം സങ്കീർണമായ സൂത്രവാക്യങ്ങളും അൽഗോരിതങ്ങളും ഈ കൊച്ചു മിടുക്കി ഇതിനകം മനഃപാഠമാക്കിയിട്ടുണ്ട്. ദിവസേന 2 മുതൽ 3 മണിക്കൂർ വരെയാണ് ഇതിനായി മാറ്റിവെക്കുന്നത്.
നൃത്തവും സംഗീതവും പഠിക്കാൻ വിട്ട കൂട്ടത്തിലാണ് ലിയാനെ അമ്മ ലിൻ യാങ്സി റൂബിക്സ് ക്യൂബ് ക്ലാസിലും ചേർത്തത്. എന്നാൽ ലിയാന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനും ചിന്താശേഷിയും ഓർമ്മശക്തിയും വർധിപ്പിക്കാനും റൂബിക്സ് ക്യൂബ് സഹായിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ ഇതിൽ കൂടുതൽ ശ്രദ്ധ നൽകുകയായിരുന്നു.
