‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പരമ്പരയ്ക്കായി കൊച്ചിയിലെത്തിയ പ്രസിദ്ധ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയുടെ സംഘത്തിലെ രണ്ടുപേരെ യെല്ലോ ഫീവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചുവെന്നും പിന്നീട് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ പ്രവേശനാനുമതി നൽകിയെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പകർച്ചവ്യാധികളുടെ രാജ്യാതിർത്തി കടന്നുള്ള വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര യാത്രാനിയമങ്ങളുടെ പ്രാധാന്യം ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.
ഗുരുതരമായ വൈറസ് രോഗം
യെല്ലോ ഫീവർ (Yellow Fever) കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ്. പ്രധാനമായും ആഫ്രിക്കയിലെയും മധ്യ-ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് രോഗവ്യാപനം കാണപ്പെടുന്നത്. രോഗബാധിതരിൽ ഭൂരിഭാഗം പേർക്കും നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളാണുണ്ടാകുന്നത്. എന്നാൽ ചിലരിൽ രോഗം ഗുരുതരമാവുകയും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുകയും രക്തസ്രാവത്തിനും മരണത്തിനും കാരണമാവുകയും ചെയ്യാം.
ഗുരുതരരോഗികളിൽ മരണനിരക്ക് 30–60 ശതമാനം വരെയാകാം. യെല്ലോ ഫീവറിന് പ്രത്യേകമായി അംഗീകരിക്കപ്പെട്ട ആന്റി വൈറൽ ചികിത്സയില്ല. എന്നാൽ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാണ്.
ഒരു ഡോസ് വാക്സിൻ ദീർഘകാല സംരക്ഷണം നൽകുന്നു; അന്താരാഷ്ട്ര യാത്രയ്ക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് സാധാരണയായി കുത്തിവയ്പ്പിന് 10 ദിവസം കഴിഞ്ഞാണു പ്രാബല്യത്തിൽ വരുന്നത്.
ഏതു രാജ്യങ്ങളിലാണ് രോഗസാധ്യത?
ആഫ്രിക്കയിൽ അംഗോള, നൈജീരിയ, ഘാന, ഉഗാണ്ട, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കൻ ഭൂഖണ്ഡത്തിൽ ബ്രസീൽ, കൊളംബിയ, പെറു, ബൊളീവിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലുമാണ് യെല്ലോ ഫീവർ പകരാനുള്ള സാധ്യതയുള്ള പ്രദേശങ്ങൾ.
കേരളം എന്തുകൊണ്ട് ജാഗ്രത പുലർത്തണം?
ലോകരാജ്യങ്ങളൂമായി അടുത്ത ബന്ധമുള്ള കേരളം ഭയത്തോടെ കാണുന്ന രോഗമാണ് യെല്ലോ ഫീവർ. കാരണം രോഗം പരത്തുന്ന ഈഡിസ് ഈജ്പ്റ്റൈ (Aedes aegypti ) കൊതുകിന്റെ സാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും ഫലമായി കൊതുകിന്റെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ഡങ്കി പനിയാണ് ഈ കൊതുകുകൾ പരത്തുന്ന പ്രധാന രോഗം. ഡങ്കി പനി കേരളത്തിൽ വ്യാപകമാണ്.
ഈഡിസ് ഈജിപ്റ്റൈ കൊതുകൾ നിയന്ത്രണ വിധേയമാക്കാത്തതിനാൽ കേരളത്തിലേക്ക് ഇതേ കൊതുക് പരത്തുന്ന സിക്ക വൈറസ് രോഗം എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആരും ഗൗരവമായെടുത്തില്ല. 2022 ൽ സീക്കാ വൈറസ് രോഗം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് കാലമായത് ഇതാരും ശ്രദ്ധിച്ചില്ല. ഗർഭിണികൾക്ക് സിക്ക രോഗം വന്നൽ ഗർഭസ്ഥശിശുകൾക്ക് ഗുരുതമായ ജന്മവൈകല്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
സീക്ക കേരളത്തിൽ എത്തിയ സാഹചര്യത്തിൽ യെല്ലോ ഫീവറും എത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും കേരളം കർശനമായി സ്വീകരിക്കേണ്ടതാണ്.
പ്രതിരോധം: യാത്രാനിയമങ്ങൾക്കപ്പുറം
യെല്ലോ ഫീവർ ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നവരും അവിടെനിന്ന് കേരളത്തിലേക്ക് വരുന്നവരും വാക്സിനേഷൻ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രാരോഗ്യ പരിശോധനകൾ ഫലപ്രദമാക്കണം.
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സമയബന്ധിതമായി തിരിച്ചറിയാനും ആവശ്യമായ പരിശോധനയും തുടർനടപടികളും ഉറപ്പാക്കാനും സംവിധാനങ്ങൾ സജ്ജമായിരിക്കണം.
അതോടൊപ്പം, കൊതുകുനിയന്ത്രണം, രോഗനിരീക്ഷണം ശക്തിപ്പെടുത്തൽ, ആരോഗ്യപ്രവർത്തകരുടെ പരിശീലനം, പൊതുജന ബോധവൽക്കരണം എന്നിവയ്ക്കും മുൻഗണന നൽകണം.
വിവരങ്ങൾക്കു കടപ്പാട് – ഡോ. ബി. ഇക്ബാൽ
