ചേർത്തല: കടലിനെ കൂടാതെയുള്ള വികസനം ആലപ്പുഴയ്ക്ക് സാധ്യമല്ലെന്ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. കടലും കരയും ഒരുപോലെ ഉപയോഗപ്പെടുത്തണമെന്ന സന്ദേശമാണ് ഈ കാലഘട്ടത്തിലുള്ളത്. ഏതു വികസനം കൊണ്ടുവരുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തെ ദോഷമായി ബാധിക്കാതെ കൊണ്ടുവരണമെന്ന പൊതുതത്വത്തോട് യോജിക്കുന്നു. കടലിൽനിന്നുള്ള മത്സ്യസമ്പത്ത് മാത്രമല്ല, ചരക്കുകൈമാറ്റം ഉൾപ്പെടെ ഏതു സാഹചര്യവും പരിഗണിക്കണം.
മുഖ്യമന്ത്രി വിഭാവനം ചെയ്യുന്ന മിഷൻ സമുദ്ര എന്ന പദ്ധതിയുമായി യോജിച്ചു പോകുന്നതാണ് ബ്ലു ഇക്കോണമി പദ്ധതി എന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ വേമ്പനാട് ഡയലോഗ്-2026 എന്ന പേരിൽ നടക്കുന്ന ബ്ലൂ ഇക്കോണമി ദ്വിദിന സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ.
സമുദ്ര ഉത്പന്നങ്ങളുടെ ഫലപ്രദവും സുസ്ഥിരവുമായ ഉപയോഗത്തിലൂടെ സാമ്പത്തിക വളർച്ചക്കും തൊഴിൽ സാധ്യതകൾക്കും വലിയ പങ്കുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബ്ലു ഇക്കോണമിയെ ആസ്പദമാക്കിയുള്ള ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം ഉൾപ്പെടുത്തിയ ബുക്ക് ഓഫ് അബ്സ്ട്രാക്ട്സ് പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു.
എറണാകുളം-അങ്കമാലി മേജർ അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. പി. പ്രസാദ് എംഎൽഎ, കോളജ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, കൗൺസിലർ എം.സി. ഷൈനത, കോളജ് ഡീൻ ഡോ. അജയ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ മേഖലകളിൽ നിന്നുള്ള ഗവേഷകരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ആശയങ്ങളും ഗവേഷണ സാധ്യതകളും അവതരിപ്പിച്ചു.
സിംപോസിയത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പതിനൊന്ന് സര്‍വകലാശാലകളില്‍നിന്ന് 40ല്‍പരം വിദഗ്ധരും ഗവേഷകരും നിരവധി വിദ്യാര്‍ഥികളും പങ്കെടുക്കുന്നുണ്ട്. കടലോരം, വേമ്പനാട് കായല്‍, ജലപാതകള്‍, മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, കയര്‍, കൃഷി, ജലഗതാഗതം, കയല്‍ ടൂറിസം തുടങ്ങി ആലപ്പുഴയുടെ സവിശേഷ വിഭവങ്ങളെ സുസ്ഥിരമായി പ്രയോജനപ്പെടുത്ത പുതിയ വികസന മാതൃകകള്‍ രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അതോടൊപ്പം കേരളത്തിന്റെ നീല സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെ അക്കാദമിക് ചര്‍ച്ചകളില്‍ മാത്രം ഒതുക്കാതെ നയരൂപീകരണം, വ്യവസായം, സംരംഭകത്വം, തൊഴില്‍, പ്രാദേശിക ഉപജീവനം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടുള്ള വര്‍ക്ക് ഷോപ്പുകളും ഉള്‍പ്പെടുത്തി.
സമാപനദിനമായ ഇന്നു രാവിലെ മുതല്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. എ.ഡി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഡോ.ജി.എസ്. അനു ആലപ്പുഴ ബ്ലൂ ഇക്കോണമി വിഷന്‍-2030 പ്രഖ്യാപനം നടത്തും. ഫാ. അന്‍സില്‍ മൈപ്പാന്‍ സ്വാഗതവും ഡോ.കെ.സി. ജുനൈദ് നന്ദിയും പറയും.
