ഡൽഹിയിൽ നടന്ന ഒരു ഫാഷൻ ഷോയ്ക്കിടയിലുണ്ടായ സംഭവമാണ് ഇപ്പോൾ സൈബറിടങ്ങളിലെ ചർച്ച. ഷോയിൽ പങ്കെടുക്കാനെത്തിയ ട്രാൻസ് വുമൺ മോഡലിന് നേരെ ബൗൺസർമാരുടെ അതിക്രമമെന്ന് ആരോപണം. തനിക്ക് മോശമായ അനുഭവം ഉണ്ടായെന്നും മറ്റ് മോഡലുകൾ ആരും ഈ ചതിയിൽ വീഴരുതെന്നും ചൂണ്ടിക്കാണിച്ചുള്ള മോഡൽ ഭവനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഡൽഹി ഛത്തർപൂർ സെൻട്രലിൽ, ഫാഷൻ ഡിസൈനർ മോഹിത് അറോറയുടെ നേതൃത്വത്തിൽ നടന്ന ഇവന്റിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. വീഡിയോയിൽ സംഘാടകർക്ക് നേരെ രോഷത്തോടെ ആക്രോശിക്കുന്ന ഭവനയെ വ്യക്തമായി കാണാം. “ഇവിടെ വന്ന് പങ്കെടുക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കുക, ഡിസൈനറുടെ ബൗൺസർമാർ ഇവിടെ വന്ന് മോശമായി പെരുമാറുന്നു” എന്നാണ് ഭവനയുടെ പ്രതികരണം.
ഇവന്റ് വേദിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നതും ആളുകൾ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ ഇതിലും വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവച്ചത് സംഘാടകനായ മോഹിത് അറോറയുടെ പ്രതികരണമാണ്! സംഭവത്തിൽ ഇതുവരെ വ്യക്തമായ വിശദീകരണം നൽകാത്ത അദ്ദേഹം, വൈറൽ വീഡിയോയ്ക്ക് താഴെ “കുട്ടികളേ, ഇത്രയധികം ഹൈപ്പർ ആകരുത്” എന്ന് കമ്മന്റിട്ടത് സോഷ്യൽ മീഡിയയെ വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ്.
