അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് ഓറഞ്ച് നിറത്തിലുള്ള ഒരു വലിയ പ്ലഷ് ഒറാംഗുട്ടാൻ കളിപ്പാട്ടത്തെ അമ്മയായി കരുതി കെട്ടിപ്പിടിച്ചു കിടന്നിരുന്ന ‘പഞ്ച്’ (Punch) എന്ന കുഞ്ഞികുരങ്ങന്റെ കഥ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ആ പഴയ സങ്കടങ്ങളൊക്കെ മാറി മറ്റുള്ള കുഞ്ഞുങ്ങൾക്ക് തുണയായി മാറിയിരിക്കുന്ന പഞ്ചിന്റെ പുതിയ വീഡിയോകളാണ് നെറ്റിസൺസിന്റെ മനംകവരുന്നത്.
2026 ഫെബ്രുവരിയിലാണ് പഞ്ച് ആദ്യം ഇന്റർനെറ്റിൽ തരംഗമായത്. അമ്മ ഉപേക്ഷിച്ചതിന് ശേഷം മൃഗശാലയിലെ മറ്റ് കുരങ്ങന്മാർക്കിടയിൽ അതിജീവിക്കാൻ പാടുപെട്ട പഞ്ചുവിന് ആശ്വാസത്തിനായാണ് ജീവനക്കാർ ഒരു പ്ലഷ് ടോയ് നൽകിയത്. മറ്റു കുരങ്ങന്മാരുടെ ഒറ്റപ്പെടുത്തലും ആക്രമണങ്ങളും നേരിട്ട പഞ്ച് ഈ കളിപ്പാട്ടത്തെ ചേർത്തുപിടിച്ചാണ് തണൽ കണ്ടെത്തിയിരുന്നത്.
മെലീസ വോങ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, മൃഗശാലയിൽ പുതുതായി ജനിച്ചൊരു കുഞ്ഞികുരങ്ങന്റെ അടുത്തേക്ക് പഞ്ച് പതുക്കെ ചെന്ന് അതിന്റെ കൂടെ കിടക്കുന്നതും, അതിനെ സൂക്ഷ്മമായി പരിപാലിക്കുന്നതും കാണാം. ഒരു കാലത്ത് തനിക്ക് ആവശ്യമായിരുന്ന സ്നേഹവും സുരക്ഷിതത്വവും പഞ്ച് ഇപ്പോൾ ആ കുഞ്ഞിന് നൽകുകയാണ്.
മറ്റ് കുരങ്ങന്മാർക്കൊപ്പം സമാധാനത്തോടെ കളിച്ചുല്ലസിക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പഴയ ഒറ്റപ്പെടലിൽ നിന്ന് മാറി ഗ്രൂപ്പിലെ സജീവ അംഗമായി മാറാൻ അവന് സാധിച്ചു. മൃഗശാലാ ജീവനക്കാരുടെ നിരന്തരമായ ശ്രദ്ധയും കാലാനുസൃതമായ പരിചരണവുമാണ് പഞ്ചിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
താൻ അനുഭവിച്ച പ്രയാസങ്ങളിൽ നിന്ന് പഠിച്ച് മറ്റുള്ളവരുടെ ജീവനാഡിയായി മാറാൻ പഞ്ചിന്റെ ഈ മാറ്റം നമ്മെ പഠിപ്പിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ ലോകം കുറിക്കുന്നത്. ഒറ്റപ്പെട്ടുപോയൊരു കുഞ്ഞു കുരങ്ങനിൽ നിന്ന് സംരക്ഷകനായ വലിയൊരു കുരങ്ങനിലേക്കുള്ള പഞ്ചിന്റെ വളർച്ച ഏവരുടെയും ഹൃദയം തൊടുന്ന ഒന്നാണ്.
