ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ ജനസംഖ്യാ കൗണ്ടർ ബോർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാജ്യത്തെ ജനസംഖ്യ അതിവേഗം 150 കോടിയിലേക്ക് അടുക്കുകയാണെന്ന തരത്തിലുള്ള ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.
നവംബർ 10ന് വൈകുന്നേരം 7:27ന് പകർത്തിയതെന്ന് കരുതുന്ന വീഡിയോ പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ1,48,16,37,145 (ഏകദേശം 148.16 കോടി) പിന്നിട്ടതായാണ് ഡിജിറ്റൽ ബോർഡിൽ കാണിക്കുന്നത്. ഈ കണക്കുകളുടെ കൃത്യതയെയും ഉറവിടത്തെയും കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ സംശയങ്ങളും ചർച്ചകളും ഉയർന്നിട്ടുണ്ട്.
കണക്കുകളിലെ സത്യാവസ്ഥ അറിയാൻ ‘യാഷ്’ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനോട് ഇക്കാര്യം ചോദിച്ചിരുന്നു. നവംബർ 10ലെ എയിംസ് ബോർഡിലെ കണക്കുകൾ ഏകദേശം 148.16 കോടിയാണെന്നും, ഇത് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ പ്രവചനങ്ങളുമായി ഏറെക്കുറെ ഒത്തുപോകുന്നതാണെന്നും ഗ്രോക്ക് മറുപടി നൽകി.
എന്നാൽ, ഇത് രാജ്യത്ത് നടക്കുന്ന ഓരോ ജനനവും മരണവും തത്സമയം രേഖപ്പെടുത്തുന്ന സംവിധാനമല്ലെന്നും (Real-time tracking), മറിച്ച് ശരാശരി ജനസംഖ്യാ വളർച്ചാ നിരക്ക് അടിസ്ഥാനമാക്കി തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്ന ഒരു ‘ഡെമോഗ്രാഫിക് പ്രൊജക്ഷൻ ക്ലോക്ക്’ മാത്രമാണെന്നും ഗ്രോക്ക് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2024’ (World Population Prospects 2024) പുതുക്കിയ കണക്കുകൾ പ്രകാരം, 2026 പകുതിയോടെ ഇന്ത്യയുടെ ജനസംഖ്യ 1,476,625,576 (147.66 കോടി) ആയിരുന്നുവെന്ന് വേൾഡോമീറ്റർ വ്യക്തമാക്കുന്നു. നവംബർ 10ലെ കണക്കനുസരിച്ച് ഇത് ഏകദേശം 148.13 കോടിയാണ്. നിലവിലെ പ്രവചനങ്ങൾ പ്രകാരം 2028ഓടെ ഇന്ത്യയുടെ ജനസംഖ്യ 150 കോടി എന്ന നാഴികക്കല്ല് പിന്നിട്ടേക്കും.
