ദുബായിലെ ചെറിയ മുറിയുടെ വിശേഷങ്ങളും ഉയർന്ന വാടകച്ചെലവും പങ്കുവെച്ച് ഇന്ത്യൻ വംശജയായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു ചെറിയ പെട്ടിപോലെയുള്ള മുറിക്ക് പ്രതിമാസം ഏകദേശം 45,000 രൂപയോളമാണ് വാടകയായി നൽകുന്നതെന്ന് സാക്ഷി എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
തന്റെ വരുമാനത്തിന്റെ പകുതിയോളം തുകയും വാടകയിനത്തിലാണ് ചെലവാകുന്നതെന്നും ഇവർ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ ചെറിയ മുറിയിലാണ് താമസിച്ചിരുന്നതെന്നും, ഇപ്പോൾ സമാനമായ വലുപ്പമുള്ള മറ്റൊരു മുറിയിലേക്ക് മാറാൻ തയ്യാറെടുക്കുകയാണെന്നും സാക്ഷി പറയുന്നു. മുറിയുടെ വലുപ്പത്തിൽ മാറ്റമൊന്നുമില്ലെങ്കിലും പുതിയ അന്തരീക്ഷവും നല്ല അയൽക്കാരെയുമാണ് പുതിയ താമസസ്ഥലത്ത് പ്രതീക്ഷിക്കുന്നതെന്ന് യുവതി പങ്കുവെച്ചു.
ഇന്ത്യയിലെയും ദുബായിലെയും താമസച്ചെലവുകൾ തമ്മിലുള്ള വലിയ വ്യത്യാസവും സാക്ഷി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലും പ്രതിമാസം 45,000 രൂപ നൽകിയാൽ വിശാലമായ 3 BHK (മൂന്ന് ബെഡ്റൂം) ഫ്ലാറ്റുകൾ വാടകയ്ക്ക് ലഭിക്കുമെന്നിരിക്കെയാണ് ദുബായിൽ ഇതിന് ഒരു ചെറിയ മുറി മാത്രം ലഭിക്കുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തുന്നത്. “ദുബായിൽ തുടക്കകാലത്ത് എല്ലാവരുടെയും അനുഭവം ഇതുപോലെത്തന്നെയാണ്, നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കരുത്” എന്ന് ഒരാൾ കുറിച്ചപ്പോൾ, “2,000 ദിർഹത്തിന് എനിക്ക് ലഭിച്ച മുറി കാണാൻ ഒരു പ്രേതബാധിത സെമിത്തേരിയുടെ വെയ്റ്റിംഗ് റൂം പോലെ ഉണ്ടായിരുന്നു” എന്നാണ് മറ്റൊരു ഉപയോക്താവ് തമാശരൂപേണ കമന്റ് ചെയ്തത്.
