ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജംഗ്ഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിനും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീണ യുവതിയെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തി.
റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിന്റെ ജാഗ്രത കാരണം വൻ ദുരന്തമാണ് ഒഴിവായത്. വെറും അഞ്ച് മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയ ഈ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രയാഗ്രാജ് ജംഗ്ഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ പ്രയാഗ്രാജ് എക്സ്പ്രസിൽ നിന്നാണ് യുവതി താഴേക്ക് ഇറങ്ങാൻ ശ്രമിച്ചത്. കാലിടറി പ്ലാറ്റ്ഫോമിലേക്ക് വീണ യുവതി ഓടുന്ന ട്രെയിനിന് അടിയിലേക്ക് വഴുതിവീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആർപിഎസ്എഫ് സെക്കൻഡ് ബറ്റാലിയനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ ഹരിത്വാൾ, കോൺസ്റ്റബിൾമാരായ പ്രവേശ് കുമാർ, ബസന്ത് എന്നിവർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്ന യുവതിയെ വളരെ ശ്രദ്ധയോടെ സുരക്ഷിതമായി പുറത്തെടുത്തു.
ആർപിഎസ്എഫിന്റെ ‘ഓപ്പറേഷൻ ജീവൻ രക്ഷ’ പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർ നടത്തിയ അതിവേഗ ഇടപെടലിനെത്തുടർന്നാണ് യുവതിക്ക് ജീവൻ തിരികെ ലഭിച്ചത്. രക്ഷാപ്രവർത്തനത്തിന് ശേഷം യുവതി ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും നന്ദിയോടെ സ്മരിച്ചു.
