സോഷ്യൽ മീഡിയയുടെ ശക്തിക്കും സെലിബ്രിറ്റി പ്രൊമോഷനുകൾക്കും ഒരു ചെറിയ സംരംഭത്തെ എങ്ങനെ വിജയിപ്പിക്കാൻ കഴിയുമെന്നതിന് തെളിവാണ് മുംബൈ ചെമ്പൂരിലെ ‘ഡെൽഹി സേ’ (Delhi Se) എന്ന റസ്റ്റോറന്റിന്റെ വിജയ കഥ.
പൂട്ടിപോകലിന്റെ വക്കിൽ നിന്നും 18 ലക്ഷം രൂപയുടെ കടബാധ്യതയിൽ നിന്നും നാല് ശാഖകളുള്ള വൻ ശൃംഖലയായി വളർന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്.
2021 ഒക്ടോബറിലാണ് ജസ്പാൽ സിംഗ് ഖൽസ, മഹീന്ദർ സിംഗ് ഖൽസ എന്നീ സഹോദരങ്ങൾ ചേർന്ന് ചെമ്പൂരിൽ 250 ചതുരശ്ര അടി വിസ്തീർണമുള്ള ചെറിയൊരു കട ആരംഭിക്കുന്നത്. ഡൽഹി സ്റ്റൈൽ ഭക്ഷണങ്ങൾ വിളമ്പിയിരുന്ന ഇവിടെ ഒരേസമയം ഒമ്പത് പേർക്ക് മാത്രമാണ് ഇരുന്ന് കഴിക്കാൻ സാധിച്ചിരുന്നത്.
2022 ആദ്യത്തോടെ ബിസിനസ് തകർച്ചയിലാവുകയും സെപ്റ്റംബറോടെ റസ്റ്റോറന്റ് പൂട്ടാൻ ഉടമസ്ഥർ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ ഇക്കാലയളവിൽ ബോളിവുഡ് താരം അനുഷ്ക ശർമ ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലിക്ക് വേണ്ടി ഇവിടെ നിന്ന് ചോലെ ഭട്ടൂരെ (Chole Bhature) ഓർഡർ ചെയ്യുകയും, അതിൻ്റെ രുചിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.
അനുഷ്ക ശർമയുടെ പോസ്റ്റ് വൈറലായതോടെ കടയിലേക്ക് ആളുകളുടെ വൻ പ്രവാഹമാണ് ഉണ്ടായത്. പ്രതിമാസം 1 ലക്ഷം രൂപയിൽ താഴെയായിരുന്ന വരുമാനം പെട്ടെന്ന് 2 കോടി രൂപയായി ഉയർന്നതായി ഉടമകൾ വ്യക്തമാക്കുന്നു. 18 ലക്ഷത്തിന്റെ കടബാധ്യതകൾ തീർത്ത റസ്റ്റോറന്റ് , ഇന്ന് നാല് ശാഖകളിലേക്ക് വളർന്നു കഴിഞ്ഞു.
ഒരു സാധാരണ ചോലെ ഭട്ടൂരെ ഓർഡർ ഒരു ചെറിയ റസ്റ്റോറന്റിന്റെയും അതിന് പിന്നിൽ പ്രവർത്തിച്ച സഹോദരങ്ങളുടെയും ജീവിതം തന്നെയാണ് മാറ്റിമറിച്ചത്.
