ഒമാനിലെ പ്രശസ്തമായ കടലാമ സംരക്ഷണ കേന്ദ്രത്തിൽ വെച്ച് മുട്ടയിടാനെത്തിയ കടലാമയുടെ പുറത്തുകയറി സവാരി നടത്തുകയും അതിന്റെ കുഞ്ഞിനെ കൈയിൽ പിടിച്ച് ഉപദ്രവിക്കുകയും ചെയ്ത ഉക്രേനിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം. 32കാരനായ വാദിം ഒലെയ്നിക് (Vadym Oleynik) എന്ന ഇൻഫ്ലുവൻസറാണ് ഈ വന്യജീവി ക്രൂരതയ്ക്ക് പിന്നിൽ.
സെപ്റ്റംബർ 28ന് ഒമാനിലെ റാസ് അൽ ജിൻസ് (Ras Al Jinz) എന്ന സംരക്ഷിത കടലാമ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
മുട്ടയിട്ട് കടലിലേക്ക് മടങ്ങാൻ ശ്രമിച്ച ആമയുടെ പുറത്ത് ഒലെയ്നിക് ബലമായി കയറി ഇരിക്കുകയായിരുന്നു. ആമ വഴുതിമാറാൻ ശ്രമിച്ചെങ്കിലും ഇയാൾ ചിരിച്ചുകൊണ്ട് വീണ്ടും അതിനുമുകളിൽ കയറി.
ഇതിനുപുറമേ, വിരിഞ്ഞിറങ്ങിയ ചെറിയൊരു ആമക്കുഞ്ഞിനെ കൈയിലെടുത്ത് ഇയാൾ ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാനായി ആമക്കുഞ്ഞ് ചിറകുകൾ ഇളക്കി പിടയുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഒലെയ്നിക്കിന്റെ പങ്കാളിയും കോസ്മെറ്റോളജിസ്റ്റുമായ ഒലീന ക്രവ്ചെങ്കോ എന്ന യുവതിയും ആമയുടെ പുറത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇറ്റാലിയൻ സംരക്ഷണ പദ്ധതിയായ Biologicamente ആണ് ഈ വീഡിയോ പുറത്തുവിട്ടതും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതും. “ആമകൾ വന്യജീവികളാണ്, അവയെ ഫോട്ടോകൾക്കായി ഒരു ഉപകരണമായി ഉപയോഗിക്കുന്നത് മൃഗപീഡനമാണ്,” എന്ന് സംഘടന വ്യക്തമാക്കി.
സംഭവം വൻ വിവാദമായതോടെ ഒമാൻ എൻവയോൺമെന്റ് അതോറിറ്റിയോടും കടലാമ സംരക്ഷണ സംഘടനകളോടും മാപ്പ് പറഞ്ഞുകൊണ്ട് ഒലെയ്നിക് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു.
